
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ ആള്‍ക്കൂട്ട ദുരന്തമുണ്ടായത് അട്ടിമറിയെന്ന വിജയ്യുടെയും ടിവികെയുടെയും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ വീഡിയോ പുറത്തുവരുന്നു. ദുരന്തം ഉണ്ടാകുന്നതിനു മുന്‍പായി ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വിജയ്ക്കു നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിജയ്ക്ക് പിന്നില്‍ നിന്ന് ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. യുവാവ് എറിയുന്ന ചെരുപ്പ് വിജയ്യെ സ്പര്‍ശിക്കാതെ അടുത്ത് കൂടി കടന്നു പോയി. റാലിക്കു നേരെ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ വിജയ്ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്റ്റാലിന് മയപ്പെടുത്തിയതോടെ, വിജയ് ആദ്യം തയ്യാറാക്കിയ വീഡിയോ പുറത്തുവിടാതെ എഡിറ്റ് ചെയ്തെന്നും വിവരമുണ്ട്. കരൂര്‍ അപകടം അട്ടിമറിയെന്ന് ഉറച്ചു വിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ മൃദുസമീപനവും ആരെയും പഴിക്കാതെ സ്റ്റാലിന് പുറത്തിറക്കിയ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ നീക്കിയും സെന്തില്‍ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയും പുതിയ വീഡിയോ ചിത്രീകരിച്ചുവെന്നാണ് വിവരം.
അതിനിടെ, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിജയ്യെ കേസില്‍ പ്രതിയാക്കാത്തത് ജീവന് നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡണ്ടിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.



