നാലു മണിക്കൂറോളം നീണ്ട മൊഴിയെടുക്കല്‍; അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; സ്വര്‍ണപ്പാളി വിവാദത്തില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദേവസ്വം വിജിലന്‍സാണ് പോറ്റിയുടെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോടു പറഞ്ഞു. ‘അന്വേഷണോദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ വിവാദ കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെട്ടാല്‍ കയ്യിലുള്ള രേഖകളെല്ലാം സമര്‍പ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ദേവസ്വം വിജിലന്‍സ് ആസ്ഥാനത്ത് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ല്‍ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞതു മുതല്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Scroll to Top