കുമ്പളയിലെ പലസ്തീന്‍ അനുകൂല മൈം വീണ്ടും വേദിയില്‍; പലസ്തീന്‍ അനുകൂല മുദ്രാവാക്യവുമായി കാണികള്‍; പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍

കാസര്‍ഗോഡ്: കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവത്തില്‍ തടഞ്ഞ പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു. മൈം മത്സരം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി ഡിഡിഇ വഴി സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കലോത്സവ മാന്വല്‍ പ്രകാരമാണ് ഇന്ന് മത്സരം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. കളിക്കാന്‍ പത്തു പേരുണ്ടായിരുന്നത് ആറു പേരായി ചുരുക്കി. സമയം പത്തു മിനിറ്റില്‍ നിന്ന് 5 മിനിറ്റാക്കി. പോസ്റ്റര്‍, പതാക തുടങ്ങിയവ ഒന്നും ഉപയോഗിച്ചില്ല. മാന്വല്‍ പാലിച്ചുകൊണ്ടാണ് കളിച്ചതെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

കനത്ത പൊലീസ് സംരക്ഷണയിലാണ് സ്‌കൂളില്‍ കലോത്സവം നടക്കുന്നത്. ഇന്ന് മൈം അവതരിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രകടനവുമായി എത്തി. ഹമാസിനെ അനുകൂലിക്കുന്നവരാണ് മൈമിന് പിന്നിലെന്നാരോപിച്ചാണ് ബിജെപി സ്‌കൂളിലേക്ക് പ്രതിഷേധം നടത്തിയത്. ഇവരെ സ്‌കൂള്‍ പരിസരത്ത് പൊലീസ് തടഞ്ഞു.

കലോത്സവ മാന്വലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നറിയിച്ചാണ് നേരത്തെ അവതരണം നിര്‍ത്തിവയ്പിച്ചത്. ശനിയാഴ്ച കലോത്സവത്തില്‍ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാര്‍ഥികള്‍ ‘ഫ്രീ പലസ്തീന്‍’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ 2 അധ്യാപകര്‍ വേദിയുടെ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നു ബഹളവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.

അതിനിടെ, സംഭവത്തില്‍ ഡിഡിഇ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറി. വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നു മുദ്രാവാക്യം വിളി ഉയര്‍ന്നതോടെയാണു പരിപാടി നിര്‍ത്തിയതെന്നും അധ്യാപകര്‍ക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണു റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. കലോത്സവ മാന്വലിനു വിരുദ്ധമായി പരിപാടി അവതരിപ്പിച്ചതിനാലാണ് അധ്യാപകര്‍ ഇടപെട്ടത്. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു.

Scroll to Top