
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം താത്കാലികമായി വിട്ടുകിട്ടുന്നതിന് അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാന്‍ നടന് ദുല്‍ഖര്‍ സല്‍മാനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ദുല്‍ഖറിന്റെ അപേക്ഷയില്‍ ബന്ധപ്പെട്ട അതോറിറ്റി ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന് ഉത്തരവിട്ടു. അനുകൂല ഉത്തരവല്ല പുറപ്പെടുവിക്കുന്നതെങ്കില്‍ കാര്യകാരണം വിശദീകരിക്കുന്ന ഉത്തരവ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വ്യക്തികള്‍ക്കെതിരേ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു. രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താല്‍ക്കാലികമായി വിട്ടുനല്കണമെന്നുമായിരുന്നു ദുല്‍ഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ഹൈക്കോടതിയെ ദുല്‍ഖര്‍ സല്മാന് അറിയിച്ചിരുന്നു.
എന്നാല്‍, കസ്റ്റംസ് ഡ്യുട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വിശദീകരിച്ചു. തെളിവുണ്ടെന്നും വാഹനം വിദേശത്തുനിന്നു കടത്തിയതാണെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് പറയുന്നു.
ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.



