
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടി ഗൂഢാലോചനയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനായി സ്പീക്കറും സര്‍ക്കാരും കൂടി ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്ന് സതീശന് ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത എംഎല്‍എമാരെ ജനങ്ങള്‍ മാലയിട്ട് സ്വീകരിക്കുമെന്നും സസ്പെന്‍ഡ് ചെയ്തത് കൊണ്ട് ശബരിമലയില്‍ നടന്ന കവര്‍ച്ചയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധമുണ്ടന്ന ആരോപണം വീണ്ടുമുന്നയിച്ച സതീശന് ഒരു കുറ്റവും ചെയ്യാതെയാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് ആരോപണത്തില്‍ അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കോവളം എംഎല്‍എ എം. വിന്‍സന്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതത്. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു- തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു.
എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് മൂന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്.



