
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ തനിക്കെതിരെ അഭിഭാഷകന്‍ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ താനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഞെട്ടിപ്പോയെന്നും എന്നാല്‍ അതൊരു മറന്നുപോയ അധ്യായമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒക്ടോബര്‍ ആറിന് കോടതി നടപടികള്‍ക്കിടെയാണ് അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പെറിയാന്‍ ശ്രമിച്ചത്.
അഭിഭാഷകന്റെ പ്രവൃത്തി പൊറുക്കാനാവാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഔദാര്യത്തെയും സംയമനത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കുറ്റക്കാരനായ അഭിഭാഷകനെതിരായി ഇപ്പോള്‍ എടുത്ത നടപടി മതിയായില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ അഭിപ്രായപ്പെട്ടു. ‘എനിക്ക് ഇതില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ചീഫ് ജസ്റ്റിസാണ്, ഇതൊരു തമാശയല്ല. ആക്രമണം പരമോന്നത കോടതിയോടുള്ള അവഹേളനമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവം ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും, നിലവില്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിലെ വിഷയവുമായി മുന്നോട്ടു
പോകണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പിന്നാലെ, ‘ഞങ്ങള്‍ക്ക് അതൊരു മറന്നുപോയ അധ്യായമാണ് എന്ന് പറഞ്ഞു ചീഫ് ജസ്റ്റിസ് കേസിലെ വാദം കേള്‍ക്കലുമായി മുന്നോട്ട് പോകുകയായിരുന്നു. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച പദ്ധതികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ വിലക്കിയ വനശക്തി വിധിക്കെതിരെ പുനഃപരിശോധനയും ഭേദഗതികളും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
അതേസമയം, കഴിഞ്ഞ മാസം വിഷ്ണു വിഗ്രഹ കേസില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ അങ്ങേയറ്റം വേദനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രാകേഷ് കിഷോര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത്.



