
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതിനെ വിമര്‍ശിച്ച് നിലവിലെ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. യാതൊന്നും ചെയ്യാതിരുന്നതിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഒന്നും ചെയ്യാതിരുന്നിട്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്കാരം നല്കി. ഒബാമ ഒരു നല്ല പ്രസിഡണ്ട് ആയിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അങ്ങനൊന്ന് മുന്‍പ് സംഭവിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി ജീവനുകള്‍ രക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോടു സംവദിക്കവേ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ തന്റെ പങ്കിനെ അദ്ദേഹം സ്വയം പ്രശംസിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാറില്‍ തന്റെ പങ്കിന് ഊന്നല്‍ നല്കിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, അത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. പക്ഷേ, അവര്‍ക്ക് അവരുടെ കാര്യം ചെയ്യേണ്ടിവരും. അവര്‍ എന്തു ചെയ്താലും എനിക്ക് കുഴപ്പമില്ല. എനിക്കറിയാം ഞാന്‍ അതിനുവേണ്ടി ചെയ്തതല്ല, ഞാന്‍ ഒരുപാട് ജീവന് രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് എന്തുകൊണ്ടും താന്‍ അര്‍ഹനാണെന്ന പ്രഖ്യാപനം ഇതിനകം തന്നെ ട്രംപ് പലകുറി നടത്തിയിട്ടുണ്ട്. നാലുകൊല്ലത്തെ ഇടവേളയ്ക്കിപ്പുറം യുഎസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും എത്തിയതിന് പിന്നാലെ നിരവധി അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
2009-ല്‍, ആദ്യവട്ടം യുഎസ് പ്രസിഡണ്ട് പദത്തിലെത്തി എട്ടാം മാസത്തിലായിരുന്നു ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത്. അന്താരാഷ്ട്രതലത്തിലുള്ള നയതന്ത്രവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഒബാമയുടെ അസാധാരണ ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഒബാമയെ നോര്‍വീജിയന്‍ നൊബേല്‍ സമിതി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.



