
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ശബരിമല വിഷയത്തില്‍ അപമാനിതരായ സഖാക്കള്‍ വിഷയം മാറ്റാന്‍ ഷാഫിയെ ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഷാഫിയെ വകവരുത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡിവൈഎസ്പി സുനിലിനെ പേരെടുത്ത് പറഞ്ഞ് വേണുഗോപാല്‍ വിമര്‍ശിച്ചു. ‘ഡിവൈഎസ്പി സുനില്‍ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കില്‍ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്’. എന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കെ.സി. വേണുഗോപാല്‍ ഉന്നയിച്ചത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍, ഈ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ശബരിമല മുഴുവന്‍ ‘ചെമ്പാക്കി മാറ്റിയേനേ’ എന്ന് അദ്ദേഹം വിമര്‍ശിച്ചു. ശബരിമല വിഷയം യുഡിഎഫുകാരന്റെയോ കോണ്‍ഗ്രസുകാരന്റെയോ വീട്ടില്‍ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ചര്‍ച്ചാവിഷയമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഈ ‘കൊടിയ അഴിമതിയില്‍’ അപമാനിതരായ സഖാക്കളാണ് അക്രമം അഴിച്ചുവിട്ടത്. അണികളെ എല്ലാത്തിനും വിട്ട്, നേതാക്കന്മാരെ സ്വര്‍ണത്തിന് മാത്രം കാവലില്‍ കിട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. എംപിക്ക് ലാത്തിച്ചാര്‍ജിനിടെയല്ല പരുക്കേറ്റതെന്നായിരുന്നു റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ അവകാശവാദം. എന്നാല്‍, എംപിയെ പോലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. അക്രമത്തില്‍ ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.



