
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കാണാതായെന്ന കേസില്‍ രണ്ടു എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം. ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു സംഭവങ്ങളും നടന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എന്നതാണ് രണ്ട് എഫ്‌ഐആര്‍ വരാന്‍ കാരണം. രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്. ഇരുകേസുകളിലും ദേവസ്വം ജീവനക്കാരും പ്രതികളാകും.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ കടത്തിക്കൊണ്ടുപോയി സ്വര്‍ണ്ണം ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയത് 2019 മാര്‍ച്ചിലാണ്. വാതില്‍പാളിയിലെ സ്വര്‍ണം കവര്‍ന്ന സംഭവം നടന്നത് 2019 ഓഗസ്റ്റിലും. സമയവ്യത്യാസം ഉള്ളതുകൊണ്ടും, രണ്ട് സംഭവങ്ങളിലും ഇടപെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യത്യാസമുള്ളതു കൊണ്ടും, മഹസറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് വ്യത്യാസമുള്ളതുകൊണ്ടും, രണ്ട് കേസുകളായിട്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുക. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ളവയാണ് പ്രധാന കുറ്റങ്ങളായി ചുമത്തിയിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണ്ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി വശം കൊടുത്തു വിട്ടതാണ് വിശ്വാസവഞ്ചനയായി കുറ്റം ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ ഉത്തരവില്‍ ഈ കേസില്‍ ഒരു മോഷണ സ്വഭാവം കൂടി ഉണ്ടെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കിയെടുത്ത് അവിടെനിന്ന് കടത്തിക്കൊണ്ടുപോയത് മറ്റൊരു തരത്തിലുള്ള കുറ്റകൃത്യമായി മാറും. എങ്കിലും, മോഷണവും വിശ്വാസവഞ്ചനയും ഒരുമിച്ച് നിലനില്‍ക്കുന്നവയല്ല. അതുകൊണ്ട്, ഇതിനെല്ലാം വ്യത്യസ്തമായ കേസുകള്‍ ആയിരിക്കും വരുന്നതെന്നാണ് സൂചന.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ആണെങ്കിലും, ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണ്ണപ്പാളികള്‍ എടുത്തു കൊടുത്തുവിടാന്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരെല്ലാം ഇതില്‍ പ്രതികളായി വരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയായിരുന്നു, അവര്‍ വരുത്തിയ വീഴ്ചകള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അനുസരിച്ചായിരിക്കും ഓരോരുത്തരും പ്രതിസ്ഥാനത്തേക്ക് വരുന്നത്.
കേസ് ഈ രീതിയില്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ, പ്രതികളാകുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെല്ലാം അഭിഭാഷകരെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും അഭിഭാഷകരെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പോറ്റി കൊച്ചിയില്‍ അഭിഭാഷകനെ കണ്ട് ദീര്‍ഘനേരം സംസാരിക്കുകയും നിയമോപദേശം തേടുകയും ചെയ്തതായാണ് വിവരം.



