
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. തുടക്കത്തില്‍ ലഭ്യമായ സോഴ്‌സുകള്‍ പ്രകാരം വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ലൈഫ് മിഷന്‍ കേസില്‍ അല്ല നോട്ടീസ് എന്നും ലാവ്‌ലിന്‍ കേസില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത ഇസിഐആര്‍ പ്രകാരമാണ് കേസെടുത്തതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നോട്ടീസ് അയച്ചെങ്കിലും നോട്ടീസ് മടങ്ങിയെന്നും പിന്നീട് ഇക്കാര്യത്തില്‍ ഇ.ഡി തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി വൃത്തങ്ങളില്‍ നിന്ന് മറ്റു വിശദീകരണമൊന്നും വന്നിട്ടില്ല.
ലാവ്‌ലിന്‍ അഴിമതി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ള എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ വിവേക് കിരണിന്റെ യു.കെയിലെ വിദ്യാഭ്യാസ ചെലവിലേക്കായി പണം നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. 2020-ല്‍ ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയും ഇസിഐആര്‍ അഥവാ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ഇസിഐആറിലാണ് ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേകിന് പണം നല്‍കിയെന്ന് പറയുന്നതും. വിവേകിന് മാത്രമല്ല., 1995-ല്‍ ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് അന്തരിച്ച മുന്‍മന്ത്രി ജി.കാര്‍ത്തികേയനും തൊട്ടടുത്ത വര്‍ഷം 1996-ല്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനും പണം നല്‍കിയിട്ടുണ്ട്. ലാവ്ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കി തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരുന്നതെന്ന് ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് കൊച്ചി ഇ.ഡി ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് അയച്ചത്. മൊഴിയില്‍ പറഞ്ഞതു പ്രകാരം പണം ലഭിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിക്കുന്നതിനും വിവര ശേഖരണത്തിനുമായി 2023 ഫെബ്രുവരി 14ന് ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു സമന്‍സിലെ ആവശ്യം. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്ന മേല്‍വിലാസത്തില്‍ അയച്ച സമന്‍സില്‍ പക്ഷേ വിവേക് ഹാജരായില്ല. സമന്‍സില്‍ തുടര്‍ നടപടികളും ഉണ്ടായില്ല. മേല്‍വിലാസക്കാരനില്ലാത്തതിനാല്‍ സമന്‍സ് മടങ്ങിയെന്നും ഒരു വിവരമുണ്ട്. എന്നാല്‍, പിന്നീട് സമന്‍സോ മറ്റു തുടര്‍ നടപടികളോ ഉണ്ടായില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് എന്‍ഫോഴ്‌സ്‌മെന്റ് മൗനവും പാലിക്കുന്നു.
ലാവ്‌ലിന്‍ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവേക് കിരണിന്റെ പങ്ക് മനസ്സിലാക്കാന്‍ മറ്റു തുടര്‍ നടപടികളൊന്നും ഇ.ഡി സ്വീകരിച്ചിട്ടില്ല. സമന്‍സ് അയച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും പിന്നീട് കേസില്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് അജ്ഞാതം. ഒരു സമന്‍സ് മടങ്ങിയാല്‍ തന്നെ സാധാരണഗതിയില്‍ വീണ്ടും നോട്ടീസ് നല്‍കി പല കേസുകളിലും ഇ.ഡി. ഇടപെടല്‍ നടത്താറുണ്ട്. പക്ഷേ, ഇവിടെ വിവേകിന്റെ കാര്യത്തില്‍ അത്തരം കീഴ് വഴക്കങ്ങളൊന്നും ഇ.ഡി ുപാലിച്ചില്ലെന്നു മാത്രമല്ല, രണ്ടുവര്‍ഷമായിട്ടും ഈ സമന്‍സിനെ കുറിച്ച് പിന്നീട് ഒരക്ഷരം ഇ.ഡി മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ട് ഒരു നോട്ടീസില്‍ അന്വേഷണം അവസാനിപ്പിച്ചു എന്ന സംശയത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതിലും ഇ.ഡി പരാജയപ്പെട്ടു.
സമന്‍സുമായി ബന്ധപ്പെട്ട് പിണറായി വിജയനും പാര്‍ട്ടിയും രണ്ടുവര്‍ഷമായി മൗനം പാലിച്ചു. പാര്‍ട്ടിയിലും സമന്‍സിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി ഇന്നലെയും ഇന്നുമായി രണ്ട് നിലപാടുകളാണ് സ്വീകരിച്ചത്. ഇന്നലെ അങ്ങനെയൊരു സമന്‍സില്ലെന്നും കെട്ടിച്ചമച്ച ആരോപണമാണെന്ന് തിരിച്ചറിഞ്ഞ് ഇ.ഡി തന്നെ പിന്‍വലിച്ചെന്നും പറഞ്ഞ എം.എ ബേബി ഇന്ന് നിലപാട് മാറ്റി. അഥവാ അങ്ങനെയൊരു സമന്‍സ് ഉണ്ടെങ്കില്‍ അത് കെട്ടിച്ചമച്ചതായിരിക്കും എന്നാണ് ബേബി പറഞ്ഞത്. ഇതേച്ചൊല്ലി പിണറായി വിജയന് അതൃപ്തിയുള്ളതായും പറയപ്പെടുന്നു. എന്തായാലും ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനൊപ്പം മകനെതിരായ ഇ.ഡി കേസും മകള്‍ക്കെതിരായ മാസപ്പടി കേസും സിപിഐഎമ്മിനുണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല.
എസ്എന്‍സി ലാവ്ലിന്‍ കേസ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തത് 2007-ലാണ്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍, പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. സുപ്രീംകോടതിയിലെത്തി. ഈ നടപടികള്‍ക്ക് ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 2020-ല്‍ ഇ.ഡി. ലാവ്‌ലിന്‍ കേസില്‍ ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.



