
പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് രണ്ടു യുവാക്കള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലടിക്കോട് മൂന്നേക്കറിലാണ് രണ്ടു പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കര്‍ മരുതുംക്കാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ക്കു സമീപം നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്. നിതിന്‍ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി.
മൂന്നു മണിയോടെയാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. വഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണു വീട്ടില്‍ നിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു. വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.



