ഇസ്രായേലുമായി സഹകരിച്ചെന്ന് ആക്ഷേപം; പലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസ്; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്.

ജറുസലേം: ഗാസ വെടിനിര്‍ത്തലിന്റെ നടപടികള്‍ ചര്‍ച്ച ചെയ്ത് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഒരുകൂട്ടം പലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസ്. സമാധാന കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കിടെയാണ് ഹമാസിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പലസ്തീനികളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കിയ ദൃശ്യം പുറത്തുവന്നത്. ഇസ്രായേലുമായി സഹകരിച്ചെന്ന് ആരോപിച്ചാണ് ഹമാസ് നടപടി. ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

കൈകള്‍ പിന്നില്‍ കെട്ടിയിട്ട് ഏഴ് പുരുഷന്‍മാരെ നിലത്ത് മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും പിന്നീട് വെടിവെച്ച് കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വെടിവെപ്പിനു പിന്നാലെ സ്ഥലത്ത് കൂടിനില്‍ക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം.

വെടിനിര്‍ത്തലിന്റെ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഈജിപ്തില്‍ സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഗാസ കരാറില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുതുതായി ഒപ്പുവച്ച ഗാസ സമാധാന കരാറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകം.

ഗാസയില്‍ രണ്ട് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ദുര്‍ബലരായ ഹമാസ്, പ്രദേശത്ത് നിയന്ത്രണം വീണ്ടും ഉറപ്പിക്കാന്‍ അക്രമത്തിലേക്ക് തിരിയുകയാണെന്ന ആശങ്കയും ബന്ധപ്പെട്ടവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരെ കഴിഞ്ഞ മാസം ഹമാസ് വധിച്ചിരുന്നു.

ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമായി പലസ്തീന്‍ തടവുകാര്‍ക്കു പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ജീവിച്ചിരിക്കുന്ന ബന്ദികളെയും ഹമാസ് കൈമാറിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴിയാണ് 20 ബന്ദികളെ കൈമാറിയത്. അതേസമയം കസ്റ്റഡിയില്‍ മരിച്ച 28 ബന്ദികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഹമാസ് ഇതുവരെ തിരികെ നല്‍കിയിട്ടുള്ളൂ.

Scroll to Top