
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദത്തില്‍ ദേവസം അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് തിരുവിതാംകൂര്‍ ബോര്‍ഡ്. സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. അസി. എന്‍ജിനീയര്‍ സുനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടുമ്പോള്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍. സുനില്‍ കുമാറിന്റെ പേര് പ്രതിപ്പട്ടികയില്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്.
അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോടു വിശദീകരണം തേടാനും ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. 10 ദിവസത്തിനുള്ളില്‍ ഇവര്‍ മറുപടി നല്‍കണം. വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നേരത്തേ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടക്കം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രണ്ട് പേരാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. നേരത്തേ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തത്.



