വധശിക്ഷയുടെ രീതിയില്‍ മാറ്റം വേണം; വിഷം കുത്തിവയ്ക്കലോ ഷോക്കടിപ്പിക്കലോ ആകാം; പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പൊതുതാല്‍പര്യ ഹര്‍ജി. തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവച്ചോ ഷോക്കടിപ്പിച്ചോ ഉള്ള വധശിക്ഷാ രീതി നടപ്പാക്കണമെന്നാണ് ആവശ്യം. ഇവയില്‍ ഏതാണു വേണ്ടതെന്നു തിരഞ്ഞെടുക്കാനുള്ള അവസരം ശിക്ഷിക്കപ്പെടുന്നയാള്‍ക്കു നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വധശിക്ഷാ രീതിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രീംകോടതി വാദം കേട്ടു.

തൂക്കിക്കൊല ക്രൂരവും പ്രാകൃതവും ഏറെ നേരം നീണ്ടുനില്‍ക്കുന്നതുമാണെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. റിഷി മല്‍ഹോത്ര ചൂണ്ടിക്കാട്ടി. വിഷം കുത്തിവച്ചുള്ള മരണം വേഗത്തിലുള്ളതും മനുഷ്യത്വമുള്ളതുമാണ്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെടുന്നയാള്‍ ഏറെ നേരത്തെ വേദനയും കഷ്ടപ്പാടും സഹിക്കേണ്ടി വരുന്നു. 40 മിനിറ്റോളം എടുത്താണ് തൂക്കിക്കൊലയില്‍ ഒരാള്‍ മരിക്കുന്നത്. വിഷം കുത്തിവയ്ക്കുന്നതിനു പുറമേ വെടിവച്ചു കൊല്ലല്‍, ഷോക്കടിപ്പിക്കല്‍, ഗ്യാസ് ചേംബറില്‍ അടച്ചുള്ള വധശിക്ഷ എന്നിവയും പരിഗണിക്കാമെന്നും ഹര്‍ജിയില്‍ വാദിച്ചു. അഭിമാനത്തോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന് ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇങ്ങനെയൊരു നിര്‍ദേശം നടപ്പാക്കല്‍ സാധ്യമല്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. ‘കാലാനുസൃതമായി മാറാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല’ എന്നാണ് ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചത്. തൂക്കിക്കൊല വളരെ പഴക്കംചെന്ന ശിക്ഷാരീതിയാണ്. കാലാനുസൃതമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കുറ്റവാളിക്ക് ശിക്ഷാരീതി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നത് നയപരമായ വിഷയമാണെന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക സോണിയ മാത്തൂര്‍ പറഞ്ഞു. ഹര്‍ജി നവംബര്‍ 11ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Scroll to Top