ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസ് ഉപാധികളോടെ വിട്ടുകൊടുത്തു; വാഹനത്തിന്റെ ഉടമസ്ഥതയോ രൂപമോ മാറ്റാന്‍ പാടില്ലെന്ന് കസ്റ്റംസ്., പിടിച്ചെടുത്തവയില്‍ ഇനി ശേഷിക്കുന്നത് നാലു വാഹനങ്ങള്‍

കൊച്ചി: വിദേശത്ത് നിന്ന് കടത്തിയെന്ന സംശയത്തില്‍ ‘ഓപ്പറേഷന്‍ നുംഖോറി’ന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത കാര്‍ വിട്ടുനല്‍കി. ദുല്‍ഖറില്‍ നിന്ന് ആദ്യം പിടികൂടിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് കര്‍ശനമായ ഉപാധികള്‍ക്ക് വിധേയമായി വിട്ടുകൊടുത്തത്. വാഹന രേഖകള്‍ക്കൊപ്പം വാഹന വിലയുടെ 20 ശതമാനവും ബാങ്ക് ഗാരന്റിയും ബോണ്ടും സമര്‍പ്പിച്ചാല്‍ മാത്രമേ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടൂ. അവ ഉപയോഗിക്കാം. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും നിബന്ധനയുണ്ട്. വാഹനത്തിന്റെ ഉടമസ്ഥത മാറ്റാനോ രൂപമാറ്റം വരുത്താനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

കസ്റ്റംസ് രണ്ടു ഘട്ടത്തിലായി നടത്തിയ പരിശോധനയില്‍ ദുല്‍ഖറിന്റെ 3 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യം പിടികൂടിയ ലാന്‍ഡ് റോവന്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിക്കാന്‍ കസ്റ്റംസിനും നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ട രേഖകളോടെ ദുല്‍ഖര്‍ കസ്റ്റംസിനെ സമീപിച്ചത്. തൃശൂര്‍ സ്വദേശി റോബിന്റെ കാറും ഇന്നു വിട്ടുകൊടുത്തതില്‍ ഉള്‍പ്പെടുന്നു. ഭൂട്ടാനില്‍നിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങള്‍ പിടികൂടിയതില്‍ ദുല്‍ഖറിന്റെ ഒരെണ്ണം ഉള്‍പ്പെടെ 4 വാഹനങ്ങളാണ് ഇനി കസ്റ്റംസിന്റെ പക്കലുള്ളത്. 39 എണ്ണം വിട്ടുകൊടുത്തു.

ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലേക്കു കടത്തി ഹിമാചല്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്ത് കേരളത്തിലടക്കം വില്‍ക്കുന്നു എന്നാണ് കേസ്. ഇത്തരത്തില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ മാത്രം എത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണക്ക്. നടന്മാരായ പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളിലും ആഡംബര സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന ഷോറൂമുകളിലും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു.

ഉപാധികളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ ഡിഫന്‍ഡര്‍ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്‌ലാറ്റിലെ പാര്‍ക്കിങ്ങില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത നിസാന്‍ പട്രോളാണ് ദുല്‍ഖറിന്റേതായി ഇനി കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. മറ്റൊരു കാര്‍ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവിടെത്തന്നെ സൂക്ഷിക്കാന്‍ അനുവദിച്ചിരുന്നു.

Scroll to Top