
ഒരു വെള്ളക്കുപ്പിയുടെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ ഓടിച്ചു വിട്ടിരിക്കുകയാണ് ഹൈക്കോടതി. ആ ഡ്രൈവറെ സ്ഥലം മാറ്റരുതെന്ന് പറയുക മാത്രമല്ല, അയാള്‍ അവിടെ തന്നെ ജോലി ചെയ്‌തോട്ടെയെന്നും ശിക്ഷാനടപടി എന്ന പേരില്‍ ഇനി ഇങ്ങനെ കാണിക്കരുതെന്ന് ഒരു മുന്നറിയിപ്പ് കൂടി ഹൈക്കോടതി നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ മന്ത്രിയെയും കെഎസ്ആര്‍ടിസിയെയും കോടതി എടുത്തിട്ട് കുടഞ്ഞെന്ന് സാരം. കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍വശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി വച്ചതിന്റെ പേരിലായിരുന്നു പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍, സ്ഥലം മാറ്റ നടപടി അപ്പാടെ റദ്ദാക്കിയ ഹൈക്കോടതി, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ട്.
ബസ്സില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്ത് ശിക്ഷാനടപടിക്ക് വിധേയനായ ജയ്‌മോന്‍ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, ശിക്ഷാനടപടിയായി ഒരാളെ സ്ഥലം മാറ്റുന്നത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എന്‍.നഗരേഷ് സ്ഥലം മാറ്റം റദ്ദാക്കി ഉത്തരവിറക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റ നടപടിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും അച്ചടക്ക വിഷയത്തില്‍ എല്ലായ്‌പ്പോഴും സ്ഥലം മാറ്റമാണോ പരിഹാരമെന്ന ഒരു ചോദ്യം കൂടി ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ജയ്‌മോനെ പൊന്‍കുന്നം ഡിപ്പോയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുംല കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജയ്‌മോന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കെഎസ്ആര്‍ടിസിക്കും ഗതാഗതമന്ത്രിക്കും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചിരുന്നു. ബസ്സിലുണ്ടായിരുന്നത് വെള്ളമല്ലേ എന്നും മദ്യമല്ലല്ലോ എന്നും കോടതി ഇന്നലെ കേസില്‍ വാദം കേള്‍ക്കവേ ചോദിച്ചിരുന്നു. സ്ഥലംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഒരു വ്യക്തിയുടെ സേവനം മറ്റൊരിടത്താണ് ആവശ്യമായി വരുന്നതെങ്കില്‍ സ്ഥലം മാറ്റമാവാം, അച്ചടക്ക നടപടി നേരിടുന്ന ആള്‍ അതേ സ്ഥലത്തു തന്നെ തുടരുന്നത് ബുദ്ധിമുട്ടാണെങ്കിലും സ്ഥാപനത്തിനോ പൊതുസമൂഹത്തിന് മൊത്തത്തിലോ ഗുണമുള്ള കാര്യമാണെങ്കിലും സ്ഥലം മാറ്റം നീതീകരിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ജെയ്‌മോന്റെ കേസില്‍ ഈ കാരണങ്ങളൊന്നും ബാധകമാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നായിരുന്നു കെഎസ്ആര്‍ടിസി കോടതിയില്‍ വാദിച്ചത്. മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നും കെഎസ്ആര്‍ടിസി വാദിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിയെ കുറിച്ച് ഉത്തരവില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടി.
പൊന്‍കുന്നം മുതല്‍ തിരുവനന്തപുരം വരെയുള്ള ദീര്‍ഘദൂര ഡ്രൈവിംഗിനിടെ ഇടയ്ക്കിടെ വെള്ളത്തിനായി വാഹനം നിര്‍ത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതുകൊണ്ടാണ് ശുദ്ധജലം വാഹനത്തിന്റെ മുന്‍പില്‍ സൂക്ഷിച്ചതെന്നും ഹര്‍ജിക്കാരനായ ജെയ്‌മോന്‍ ജോസഫ് വാദിച്ചു. വാഹനം തടഞ്ഞു നിര്‍ത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍ ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിക്കു പങ്കില്ലെന്നും കെഎസ്ആര്‍ടിസിയും വാദിച്ചിരുന്നു.
ഒക്ടോബര്‍ ഒന്നിനാണ് കൊല്ലം ആയൂരില്‍ ഈ സംഭവം നടന്നത്. മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആയൂരില്‍ വച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ തടഞ്ഞു. ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവര്‍ മരങ്ങാട്ടുപിള്ളി സ്വദേശി ജയ്‌മോനെ പാലാ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. മന്ത്രിയുടെ ഇടപെടല്‍ വലിയ വിവാദ കോലാഹലങ്ങള്‍ക്ക് വഴിവച്ചു. മന്ത്രി ഷോ കാണിക്കുകയാണെന്ന തരത്തിലടക്കം മന്ത്രിക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നു. അതിലൊന്നും കൂസാതെയാണ് ജയ്‌മോനെ സ്ഥലം മാറ്റിക്കൊണ്ട് മന്ത്രി ശിക്ഷാനടപടി ഉറപ്പിച്ചത്. ബസ് ഓടിക്കുന്നതിനിടയിലാണ് സ്ഥലംമാറ്റത്തിന്റെ ആദ്യത്തെ ഉത്തരവ് വന്നത്. വിവരമറിഞ്ഞ് ബസ് ഓടിക്കുന്നതിനിടെ ജയ്‌മോന്‍ കുഴഞ്ഞു വീണു. ഇതോടെ ആദ്യത്തെ ഉത്തരവ് മരവിപ്പിച്ചു, പിന്നീട് ഒക്ടോബര്‍ ഏഴിന് വീണ്ടും ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ജയ്‌മോന്‍ കോടതിയിലെത്തുകയായിരുന്നു.



