ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; സ്വര്‍ണം വീണ്ടെടുക്കണം; കേരളത്തിന് പുറത്തും തെളിവെടുപ്പെന്ന് അന്വേഷണസംഘം കോടതിയില്‍; പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു.

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴികളാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുള്ളത്. പോറ്റിയുടെ മൊഴിയില്‍ ഏറ്റവുമധികം ഉന്നം വയ്ക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥരെയാണ്. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വന്‍ ഗൂഢാലോചനയാണ് സ്വര്‍ണം തട്ടിയെടുക്കലിനായി നടത്തിയത്. ദേവസ്വത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കം ഈ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നു. ക്രിമിനല്‍ ഗൂഢാലോചനയുടെ സ്വഭാവം ഇതിനുണ്ടായിരുന്നുവെന്നും എസ്‌ഐടിക്ക് പോറ്റി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം ദേവസ്വം ഉദ്യോഗസ്ഥര്‍ അറിഞ്ഞു തന്നെയാണ് ക്രിമിനല്‍ ഗൂഢാലോചന നടന്നതെന്നാണ്. പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. സ്വര്‍ണം വീണ്ടെടുക്കലും കേരളത്തിന് പുറത്തുള്ള തെളിവെടുപ്പും അടക്കം നടത്തുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടത് അത്യാവശ്യമാണെന്ന് എസ്‌ഐടി കോടതിയില്‍ വാദിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കസ്റ്റഡി അനുവദിച്ചത്.

രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമലയില്‍ നടന്നത് ആചാരലംഘനമാണെന്നും സ്മാര്‍ട്ട് ക്രിയേഷനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതി നല്‍കാനെത്തി സ്വയം കുഴിച്ച കുഴിയില്‍ വീണതോടെ തനിക്കൊപ്പം കള്ളത്തരത്തിന് കൂട്ടുനിന്ന കള്ളനാണയങ്ങളെ മുഴുവന്‍ തുറന്നു കാട്ടുമെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കസ്റ്റഡിയില്‍ വിട്ടു കിട്ടിയ ശേഷം കോടതിയില്‍ നിന്ന് ഇറങ്ങിവരും വഴി ഉണ്ണികൃഷ്ണന്‍ പോറ്റി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുകയും ചെയ്തു. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്. മുരാരിബാബു, സുധീഷ് കുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

നിര്‍ണായകമായ മൊഴി ലഭിച്ചതോടെ അന്വേഷണം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ കടത്തിക്കൊണ്ടുപോയ സ്വര്‍ണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ദൗത്യം. അതോടൊപ്പം തന്നെ ദേവസ്വം ഉദ്യോഗസ്ഥരടക്കം മറ്റ് പ്രതികളെയും കണ്ടെത്തേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലായിരിക്കും പ്രത്യേക സംഘം. താന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോള്‍ മുതല്‍ സ്വര്‍ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങി എന്ന പോറ്റിയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ അറിയപ്പെടാത്ത ആഴങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശേഷിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ ലഭിച്ചപ്പോള്‍, മുരാരിബാബു അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ ഉള്ളില്‍ തോന്നിയ കുശാഗ്ര ബുദ്ധിയാണോ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നതോടെ നിര്‍ണായകമായ പല കണ്ടെത്തലുകളും അന്വേഷണസംഘം ഇനി നടത്തേണ്ടതുണ്ട്. തട്ടിയെടുത്ത സ്വര്‍ണം എങ്ങനെ ഉപയോഗിച്ചു എന്നതാണ് അതില്‍ ആദ്യം കണ്ടെത്തേണ്ടത്. സ്വര്‍ണം പലര്‍ക്കായി വീതിച്ചു നല്‍കി എന്ന് പോറ്റി സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ദേവസ്വം ഉദ്യോഗസ്ഥരുടേ പേരുകളുമുണ്ട്. ഈ ഘട്ടത്തില്‍ കൂട്ടുത്തരവാദികളുടെ പങ്കിനെ കുറിച്ചും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ എസ്‌ഐടി വ്യക്തമാക്കിയിരിക്കുകയാണ്. സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ച ശേഷം അത് സഹായിയായ കല്‍പേഷിനാണ് കൈമാറിയതെന്ന് പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുമ്പോഴെല്ലാം കല്‍പേഷ് സജീവമായിരുന്നു എന്ന മൊഴി കല്‍പേഷിന് പിന്നില്‍ ഉന്നതന്‍മാരുണ്ടോ ഉണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചിട്ടുണ്ട്. കാണാമറയത്തുള്ള കല്‍പേഷ്, നാഗേഷ് എന്നിവരുടെ ഇടപെടലില്‍ ദുരൂഹയുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം ഉറപ്പിക്കുന്നു.

ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏകദേശം 18 മണിക്കൂറോളമാണ് ചോദ്യംചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനും മറ്റൊരു എസ്പി ആയ ബിജോയിയും മറ്റ് അന്വേഷണ സംഘാംഗങ്ങളും രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ ഹാജരാക്കി പുറത്തിറങ്ങും വഴി പോറ്റിക്കുനേരെ ചെരുപ്പേറും ഉണ്ടായി. ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പെറിഞ്ഞത്. ഒക്ടോബര്‍ 30 വരെ പോറ്റി എസ്‌ഐടിയുടെ കസ്റ്റഡിടയവില്‍ തുടരും.

Scroll to Top