
തിരുവനന്തപുരം: കഴക്കൂട്ടത്ത് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ബെഞ്ചമിന്റെ പശ്ചാത്തലം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പൊലീസ്. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിന്‍ മോഷണത്തിനിടെയാണ് കഴക്കൂട്ടത്തെ ലേഡീസ് ഹോസ്റ്റലില്‍ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ചത്. നിരവധി സ്ത്രീകളെ ബെഞ്ചമിന്‍ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി ബെഞ്ചമിനെന്ന് പൊലീസ് പറഞ്ഞു.
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ മധുര സ്വദേശി ബെഞ്ചമിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തിനു പിന്നാലെ ആറ്റിങ്ങലിലേക്കു പോയ പ്രതി അവിടെ നിന്നു മധുരയ്ക്കു കടക്കുകയായിരുന്നു.
മധുരയില്‍നിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയില്‍ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികില്‍ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സര്‍വീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തി ഉറങ്ങുകയായിരുന്ന യുവതിയെ മുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു.
പുലര്‍ച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. പ്രതി സ്ഥിരം മോഷണങ്ങള്‍ നടത്തുന്നയാളാണ്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന പതിവുമുണ്ടെന്നു പൊലീസ് പറയുന്നു.



