
കൊല്ലം: ശബരിമല യുവതി പ്രവേശനത്തില്‍ രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ബീഫും പൊറോട്ടയും വാങ്ങി നല്‍കി മല കയറ്റിയെന്ന വാദത്തില്‍ ഉറച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ആധികാരികമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. താന്‍ പറഞ്ഞ കാര്യം നേരത്തെ വി.ഡി.സതീശനും ഷിബു ബേബി ജോണും പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബര്‍ ആക്രമണമാണ് തനിക്ക് നേരെയുള്ളതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങളെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയത്ത് പൊലീസ് ക്ലബ്ബില്‍ രഹന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും പൊറോട്ടയും ബീഫും വാങ്ങി നല്‍കിയെന്ന് ആദ്യം പറഞ്ഞത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ്. പിന്നീട് വി.ഡി.സതീശനും പറഞ്ഞു. ഇവര്‍ രണ്ടുപേരും പറഞ്ഞപ്പോഴുമുണ്ടാകാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ നടക്കുന്നതെന്നും എംപി പറഞ്ഞു.
രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പൊറോട്ടയും ബീഫും നല്‍കി ശബരിമലയിലെത്തിച്ചത് പൊലീസ് ആണെന്നും ആ സര്‍ക്കാരാണ് അയ്യപ്പസംഗമം നടത്തിയത് എന്നുമായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എംപിയുടെ വിവാദ പരാമര്‍ശമുണ്ടായത്. സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കി. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.



