ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ സമ്മതിക്കുന്നില്ല; പിതാവ് വീട്ടുതടങ്കലിലാക്കി; ആരോപണവുമായി സിപിഐഎം നേതാവിന്റെ മകള്‍

കാസര്‍ഗോഡ്: അന്യമതസ്ഥനായ ആളെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്യാന്‍ സമ്മതിക്കാതെ പിതാവ് വീട്ടുതടങ്കലിലാക്കിയെന്നും ഇഷ്ടം തുറന്നു പറഞ്ഞതിന് മര്‍ദ്ദിച്ചതായും പരാതിയുമായി സിപിഐഎം നേതാവിന്റെ മകള്‍. കാസര്‍ഗോട്ടെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പി.വി.ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി പൊലീസില്‍ പരാതി നല്‍കിയതിനു
പിന്നാലെ വിഡിയോ സന്ദേശവും പുറത്തു വിട്ടു.

ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണു യുവതിയുടെ പരാതി. അവസാനത്തെ പ്രതീക്ഷയെന്നോണമാണ് വിഡിയോ സന്ദേശം പുറത്തുവിടുന്നതെന്നും സംഗീത പറയുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്നയാളാണ് സംഗീത.

വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നതായും തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതായും സംഗീത ആരോപിച്ചു. തനിക്കു ലഭിച്ച ിവാഹമോചന സെറ്റില്‍മെന്റ് തുക പിതാവും സഹോദരനും ചേര്‍ന്നു കൈക്കലാക്കിയെന്നും അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും വീഡിയോയിലുണ്ട്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ടെന്നും പോയി ചാകാന്‍ പലതവണ ആവശ്യപ്പെട്ടെന്നും വീഡിയോ സന്ദേശത്തില്‍ സംഗീത വെളിപ്പെടുത്തി. കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിനു പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല എന്നാണു പിതാവ് പറഞ്ഞതെന്നും സംഗീത പറയുന്നു.

പറയുന്നതു കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ കൊല്ലുമെന്നും അതില്‍നിന്നു സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായാണ് വീഡിയോയില്‍ പറയുന്നത്. നേരത്തെ, വീട്ടുതടങ്കലില്‍നിന്നു മോചനം ആവശ്യപ്പെട്ട് സുഹൃത്തിന്റെ സഹായത്തോടെ സംഗീത, ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പമാണു കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതിയില്‍ ഈ ഹര്‍ജി നിലനിന്നില്ല.

Scroll to Top