പാര്‍ട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാന്‍ പാര്‍ട്ടിക്കറിയാം; ഇടുക്കി നഴ്‌സിംഗ് കോളജില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി

തൊടുപഴ: ഇടുക്കി ഗവ. നഴ്‌സിങ് കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ സിപിഐഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ ഭീഷണി. പാര്‍ട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാന്‍ പാര്‍ട്ടിക്കറിയാമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.

ഒക്ടോബര്‍ 18നാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ ഓഫീസില്‍ വിഷയം സംബന്ധിച്ച് യോഗം ചേര്‍ന്നത്. വഞ്ചിക്കവലയിലുള്ള ഹോളിഫാമിലി ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ പെണ്‍കുട്ടികള്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ നല്‍കുന്ന ഫീസേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ഭഷണകാര്യത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭീമുഖീകരിക്കുന്ന സാഹചര്യത്തില്‍ മെസ് പിടിഎ ഏറ്റെടുത്തുനടത്തണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.

ഇതോടെയാണ് സി.വി വര്‍ഗീസ് കുട്ടികളോട് കടുത്ത ഭാഷയുമായി നിറം മാറിയത്. ഞങ്ങളുടെ സര്‍ക്കാരിന് ഇടുക്കിയില്‍ ഒരു നഴ്‌സിങ് കോളേജ് കൊണ്ടുവരാമെങ്കില്‍, അത് പൂട്ടാനും അറിയാമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. പറയുന്നത് അനുസരിക്കാന്‍ കുട്ടികള്‍ തയ്യാറായില്ലെങ്കില്‍ നഴ്‌സിങ് കോളേജ് തന്നെ ജില്ലയില്‍ നിന്ന് തുടച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയതായി പിടിഎ എക്‌സിക്യൂട്ടീവ് അംഗം വെളിപ്പെടുത്തി.

പൈനാവിലെ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് വിട്ടുനല്‍കണമെന്ന് ജനുവരി മാസം ഉത്തരവിട്ടതാണ്. അവിടെ കുറച്ച് ഡോക്ടര്‍മാരാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന് കുട്ടികള്‍ അറിയിച്ചപ്പോള്‍ പിടിഎക്കാര്‍ പറയുന്നത് കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നിന്നാല്‍ അവരുടെ രണ്ടുവര്‍ഷം പോയിക്കിട്ടുമെന്നും നഷ്ടം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും സെക്രട്ടറി കടുപ്പിച്ചു പറഞ്ഞതായാണ് വിവരം.

മന്ത്രി റോഷി അഗസ്റ്റിന്‍ വാഗ്ദാനം ചെയ്തിരുന്ന പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ മാസം 16-ന് സമരം നടത്തിയത്. പിന്നീട് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥിനികള്‍ ഒരു സ്വകാര്യ സംവിധാനത്തിലാണ് താമസിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ഫീസല്ല നല്‍കുന്നത്, മറിച്ച് കുട്ടികള്‍ കൂടുതല്‍ പണം നല്‍കിയാണ് താമസിക്കുന്നത്.

Scroll to Top