
ഒരുവര്‍ഷം മുന്‍പ് നടന്ന ഒരു വിവാഹ ചടങ്ങിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനിലെ യാഥാസ്ഥിതിക ഭരണകൂടം. രണ്ടു വര്‍ഷം മുന്‍പ് നടന്ന മറ്റൊരു സംഭവത്തില്‍ ഹിജാബിന്റെ പേരില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്കിയ ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹ ചടങ്ങാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വിവാദമാകാനുള്ള കാരണവും മറ്റൊന്നുമല്ല. അന്ന് ഹിജാബ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു 20കാരി കസ്റ്റഡിയില്‍ മരിക്കുകയും അതിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത നേതാവിന്റെ മകളുടെ വസ്ത്രധാരണമാണ് ഇവിടെയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. 2024-ല്‍ നടന്ന വിവാഹ ചടങ്ങില്‍ വധു പ്രത്യക്ഷപ്പെട്ടത് കയ്യില്ലാത്ത ഗൗണും ഹിജാബ് ധരിക്കാതെ തലമുടി മറക്കാതെയുമായിരുന്നു. അന്ന് ഒരല്പം മുടി പുറത്തു കണ്ടതിന്റെ പേരില്‍ ഇറാനിലെ മൊറാലിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത ജിനാ മഹ്സ അമിനി എന്ന പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് അതിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ നേതാവിന്റെ മകളാണ് പാശ്ചാത്യ വേഷത്തില്‍ വിവാഹത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഇറാന്റെ പരമോന്നത ആത്മീയനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത സഹായിയും കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ വാദിക്കുന്ന ഉദ്യോഗസ്ഥനുമായ അലി ഷംഖാനിയുടെ മകളുടെ വിവാഹമാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്. മറ്റുള്ളവര്‍ക്കു മേല്‍ ഹിജാബും സദാചാര നിയമങ്ങളും അടിച്ചേല്പിക്കുന്ന രാജ്യത്ത്, അതിന് നേതൃത്വം നല്കുന്ന ഷംഖാനിയുടെ നടപടി ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇറാനിലെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമാണ് ഷംഖാനി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ വാദിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഷംഖാനി. ഒപ്പം ഇത്തരം നിയമങ്ങള്ക്കെതിരെം പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ അക്രമാസക്തമായ മാര്‍ഗങ്ങളാണ് ഇദ്ദേഹം കൈക്കൊള്ളാറുള്ളതും.
എന്നാല്‍, ഇവിടെ ഷംഖാനിയുടെ മകളും ഭാര്യയും വിവാഹത്തില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും പാശ്ചാത്യ വേഷവിധാനത്തിലായിരുന്നു എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. ടെഹ്റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലിലായിരുന്നു വിവാഹം. വിവാഹം നടക്കുന്ന ഹാളിലേക്ക് മകളെ ആനയിച്ചു കൊണ്ടുവന്നതും ഷംഖാനിയായിരുന്നു. ലോ-കട്ട്, സ്ട്രാപ്ലെസ് വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. സുതാര്യമായ തല കഷ്ടിച്ച് മറയ്ക്കാവുന്ന നെറ്റ് മാത്രമായിരുന്നു ഹിജാബിന്റെ സ്ഥാനത്ത് അണിഞ്ഞിരുന്നത്. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് ഷംഖാനിയുടെ ഭാര്യയും വസ്ത്രം ധരിച്ചിരുന്നത്. മറ്റുള്ളവര്‍ക്കു മേല്‍ സദാചാര നിയമം അടിച്ചേല്പിക്കുന്ന നേതാവ് സ്വന്തം വീട്ടുകാരെ തിരുത്താത്തത് എന്താണെന്ന തരത്തിലാണ് വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
ഒരല്പം മുടി പുറത്തു കണ്ടതിന്റെ പേരില്‍ ഇറാനില്‍ പെണ്‍കുട്ടികള്‍ മര്‍ദ്ദനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു., നേതാവിന്റെ മകള്‍ സ്ട്രാപ് ഇല്ലാത്ത വസ്ത്രം ധരിച്ച് വിവാഹത്തില്‍ പങ്കെടുക്കുന്നു. എന്നാണ് പ്രക്ഷോഭകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വന്തം നിയമങ്ങളില്‍ ഭരണാധികാരികള്‍ക്ക് തന്നെ വിശ്വാസമില്ലെന്നും, ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകരും ഇസ്ലാമിക ഭരണകൂടത്തിന്റെ ഈ ചെയ്തികളെ വിമര്‍ശിച്ചത്. മറ്റുള്ളവരില്‍ വെടിയുണ്ടകളും ലാത്തികളും ഉപയോഗിച്ച് ഇസ്ലാമിക നിയമം അടിച്ചേല്പിക്കുന്ന ഖമനേയി ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് വീഡിയോ ഇറാനികളെ പ്രകോപിപ്പിക്കാനുണ്ടായ കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. മുടി പുറത്തു കണ്ടതിന് മഹ്സ അമീനിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലില്‍ അടയ്ക്കുന്ന, 80,000 സദാചാര പോലീസുകാരെ നിയമിച്ച അതേ ഭരണം, തങ്ങള്‍ക്കായി ഒരു ആഡംബര വിരുന്ന് തന്നെ നടത്തുന്നു എന്നതിനെ ഇരട്ടത്താപ്പെന്നല്ല വ്യവസ്ഥിതി എന്നാണ് വിളിക്കേണ്ടതെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

2022-ല്‍, രാജ്യവ്യാപകമായ ഒരു പ്രക്ഷോഭം ഇറാനെ പിടിച്ചുകുലുക്കിയപ്പോള്‍ ഷംഖാനിയായിരുന്നു ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിനെ നയിച്ചിരുന്നത്. അന്ന് രാജ്യത്തെ ഹിജാബ് നിയമത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തെരുവിലിറങ്ങുകയും ശിരോവസ്ത്രം കത്തിക്കുകയും ചെയ്തിരുന്നു. ഇറാനെ പിടിച്ചു കുലുക്കിയ ഈ പ്രക്ഷോഭത്തിന് കാരണമായത് ജിനാ മഹ്സ അമീനി എന്ന 20കാരി പെണ്‍കുട്ടിയുടെ മരണമായിരുന്നു. 2022ലാണ് ജിനാ മഹ്സ അമീനി എന്ന കുര്‍ദിഷ് പെണ്‍കുട്ടി കുര്‍ദിസ്ഥാനില്‍ നിന്ന് ടെഹ്റാനിലെത്തി. സഹോദരനൊപ്പം ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനാണ് അവള് ടെഹ്റാനിലെത്തിയത്. എന്നാല്‍, ഷംഖാനി നേതൃത്വം നല്കുന്ന ഘഷ്ട് ഇ എര്‍ഷാദ് എന്ന സദാചാര പൊലീസ് അമീനിയെ പിടികൂടി. ശരിയായ വസ്ത്രധാരണ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍, അറസ്റ്റിനെ അമിനി പ്രതിരോധിച്ചു. ടെഹ്റാനിലെ പുതിയ നിയമങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്ന് അവള് വാദിച്ചു. എന്നാല്‍, സദാചാര പൊലീസ് അമിനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. പൊലീസ് പട്രോള്‍ വാഹനത്തില്‍ വച്ച് അമിനിക്ക് ക്രൂരമര്‍ദ്ദനമേറ്റതായി പറയപ്പെടുന്നുണ്ട്. എന്തായാലും അന്ന് വൈകുന്നേരത്തോടെ തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച അമിനി കുഴഞ്ഞുവീഴുകയും മൂന്നു ദിവസം കോമയില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍, മര്‍ദ്ദനത്തിന്റെ വിവരം മറച്ചുവച്ച സദാചാര പൊലീസും സര്‍ക്കാരും തടങ്കല്‍ കേന്ദ്രത്തിലെ ഒരു സിസിടിവി ദൃശ്യം മാത്രം പുറത്തുവിട്ട് കുഴഞ്ഞു വീണ് മരിച്ചതാണെന്ന് വരുത്തിത്തീര്‍ത്തു. പക്ഷേ, അമിനിയുടെ മരണം ഇറാനെ വലിയൊരു പ്രക്ഷോഭത്തിലേക്കാണ് നയിച്ചത്.

കുര്ദുകള്ക്കിടയില് ആരംഭിച്ച പ്രക്ഷോഭം പതിയെ ഇറാനിലാകെ കത്തിപ്പടര്‍ന്നു. ഹിജാബ് അടക്കം കത്തിച്ചുള്ള പ്രക്ഷോഭം ഇറാന്റെ സമാധാനം കെടുത്തി. അന്ന് അതിനെ നേരിടാന്‍ അലി ഷംഖാനിയുടെ നേതൃത്വത്തില്‍ അതിഭീകരമായ അകത്രമാസക്തമായ നടപടികളാണ് സ്വീകരിച്ചത്. അതേ ഷംഖാനിയുടെ മകള്‍ സ്ട്രാപ്പ് ഇല്ലാത്ത വസ്ത്രം ധരിച്ച്, ഹിജാബ് ധരിക്കാതെ മുടി കാണിച്ച് ആഡംബര വേദിയില്‍ വിവാഹിതയായതിന്റെ ദൃശ്യങ്ങള്‍ ഇറാനില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.



