
കൊച്ചി: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്വര്ണപ്പാളി് വിവാദം അന്വേഷിക്കുന്ന പ്രത്യേക സംഘം ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്പിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അടച്ചിട്ട കോടതിമുറിയില്‍ രഹസ്യമായിട്ടായിരുന്നു കോടതി നടപടികള്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തു വന്നിട്ടില്ല. ശബരിമല ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവന്, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.ടി.ശങ്കരനും ഇടക്കാല റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കും.
ശബരിമല ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളികള്‍ കാണാതായതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. ദ്വാരപാലക ശില്പത്തിനു പുറമെ കട്ടിളയിലെ സ്വര്‍ണപ്പാളി സംബന്ധിച്ചും അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം.
2019 ജൂലൈ 19, 20 തീയതികളില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന് പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എന്നാല്‍ മഹസറില്‍ ഇത് ചെമ്പ് പാളി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ മാതൃകയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
തുടര്‍ന്ന് എസ്ഐടി ഉണ്ണികൃഷ്ണന് പോറ്റിയെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. താന്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡിലെ ഉന്നതരും ദേവസ്വം ഉദ്യോഗസ്ഥരുമെല്ലാം സ്വര്‍ണപ്പാളി വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വിധത്തിലാണ് ഉണ്ണികൃഷ്ണന് പോറ്റി എസ്ഐടിക്ക് മൊഴി നല്‍കിയത് എന്നാണ് സൂചനകള്‍. സ്വര്‍ണപ്പാളി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



