തീവ്ര ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

REPRESENTATIVE IMAGE

തിരുവനന്തപുരം: അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയതോ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ ആണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ അറബിക്കടലിലാണ് തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലിലൂടെ വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങി മധ്യകിഴക്കന്‍ അറബിക്കടലിലേക്കു നീങ്ങാനാണ് സാധ്യത. ഇതിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും, ഇതു നാളെയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോടു ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

Scroll to Top