പേരാമ്പ്രയിലെ മര്‍ദ്ദനം കൃത്യമായ സിപിഐഎം ഗൂഢാലോചന; അടിച്ചത് പിരിച്ചുവിടപ്പെട്ട പൊലീസുകാരന്‍; സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ താന്‍ അടക്കമുള്ളവര്‍ക്കെതിരായ പൊലീസ് അതിക്രമം കൃത്യമായ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്ന് ഷാഫി പറമ്പില്‍ എം.പി. ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനും ചര്‍ച്ച വഴിമാറ്റി വിടാനും സിപിഐഎം നടത്തിയ ഗൂഢാലോചനയായിരുന്നു പേരാമ്പ്ര സംഭവം. കൃത്യമായ ആസൂത്രണത്തോടെയാണ് താനടക്കമുള്ളവര്‍ക്ക് നേരെ പൊലീസ് അതിക്രമമുണ്ടായത്. ഇതിലെ കള്ളക്കഥ ജനം തിരിച്ചറിയുകയും കയ്യോടെ പിടികൂടുകയും ചെയ്തിട്ടുമുണ്ടെന്നും ഷാഫി പറഞ്ഞു.

അഭിലാഷ് ഡേവിഡെന്ന പൊലീസുകാരനാണ് തന്നെ ലാത്തി കൊണ്ടടിച്ചതെന്ന് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഷാഫി പറഞ്ഞു. പിരിച്ചുവിട്ടതായി പറയപ്പെടുന്ന ഉദ്യോഗസ്ഥനാണ് തന്നെ മര്‍ദിച്ചത്. തലയിലും മൂക്കിലും അടിച്ച ശേഷം തനിക്കു നേരെ വീണ്ടും ലാത്തി ഓങ്ങുന്നത് ഈ ദൃശ്യങ്ങളില്‍ കാണാമെന്ന് ഷാഫി വിവരിച്ചു. തലയിലും മൂക്കിലും അടിച്ച ശേഷം തനിക്കു നേരെ വീണ്ടും ലാത്തി ഓങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് ഷാഫി വിവരിച്ചു.

അഭിലാഷ് ഡേവിഡ് ഉള്‍പ്പടെയുള്ള ചില പൊലീസുകാരെ 2023 ജനുവരി 16 ന് സസ്‌പെന്‍ഡ് ചെയ്തതാണെന്ന് ഷാഫി വിശദീകരിക്കുന്നു. മാഫിയ ബന്ധത്തിന്റെ പേരിലായിരുന്നു അന്നത്തെ സസ്‌പെന്‍ഷന്‍. ഇതുസംബന്ധിച്ച വാര്‍ത്ത ജനുവരി 19 ന് വിവിധ മാധ്യമങ്ങളിലും വന്നിരുന്നു. നിലവില്‍ വടകര കണ്‍ട്രോള്‍ റൂം സിഐയായ ഇയാളുടെ ചിത്രവും മറ്റും പൊലീസ് സൈറ്റില്‍ ലഭ്യമല്ല. സസ്‌പെന്‍ഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം ഓഫിസില്‍ നിത്യ സന്ദര്‍ശകനായിരുന്നയാളാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി കുറ്റപ്പെടുത്തി.

ശബരിമലയില്‍ നടത്തിയ കൊള്ള മറച്ചുവയ്ക്കാനാണ് സിപിഐഎമ്മിന്റെ ഗൂഢാലോചനയില്‍ പേരാമ്പ്രയിലെ അതിക്രമം നടന്നത്. അയ്യപ്പന്റെ സ്വര്‍ണം ചെമ്പായി മാറിയതുപോലെ ഇവിടെ പൊലീസിന്റെ ഗ്രനേഡ് ഞങ്ങളുടെ കയ്യിലുള്ള ബാംബാക്കി മാറ്റാനുള്ള കള്ളക്കഥ ജനം കയ്യോടെ പിടിച്ചിട്ടുണ്ട് എന്നതില്‍ ഒരു സംശയവും വേണ്ടെന്ന് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നല്‍കും. പൊലീസിലെ ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് റൂറല്‍ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമമുണ്ടായതിന്റെ തുടര്‍ദിനങ്ങളില്‍ പേരാമ്പ്രയില്‍ യോഗം വിളിച്ച് ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചതെന്നും ഷാഫി വ്യക്തമാക്കി.

Scroll to Top