സ്വര്‍ണപ്പാളി ചെമ്പായത് മുരാരി ബാബുവിന്റെ ഇടപെടലില്‍; സ്വര്‍ണം ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മനഃപൂര്‍വം; മുരാരി ബാബു റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി അഴിച്ചു കൊടുക്കുന്ന സമയം സ്വര്‍ണപ്പാളി എന്നത് ചെമ്പുപാളിയാക്കിയത് മുരാരി ബാബുവാണെന്ന് പ്രത്യേക അന്വേഷണസംഘം. മഹസ്സറുകളില്‍ മുരാരി ബാബു മനഃപൂര്‍വം തിരിമറി നടത്തി എന്നാണ് കണ്ടെത്തല്‍. ശ്രീകോവിലില്‍ നിന്നുതന്നെ മുതല്‍ മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാന്‍ ഒത്താശ ചെയ്തു, ശബരിമലയുടെ പ്രശസ്തിക്കു കോട്ടം തട്ടാനിടയാക്കി എന്നീ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട 2 കേസുകളിലും പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പ്രതിയെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്കു മാറ്റി. പ്രതിയെ 29 മുതല്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഇന്നു പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കും. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ സമയത്തു തന്നെ പാളികളിലെ സ്വര്‍ണം സംബന്ധിച്ച് മുരാരിബാബുവിന് അറിവുണ്ടായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്.

പെരുന്നയില്‍നിന്നു ബുധനാഴ്ച രാത്രി 10നു പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ച് പ്രാഥമിക ചോദ്യംചെയ്യല്‍ നടത്തിയതിനു പിന്നാലെയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 മുതല്‍ 2025 വരെ നടന്ന മുഴുവന്‍ ഇടപാടും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷും ചോദ്യംചെയ്തു. വരുംദിവസങ്ങളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബുവിനെ ചോദ്യംചെയ്യും. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നന്ദന്‍കോട്ടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധന നടത്തി.

Scroll to Top