ശബരിമലയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു.? അന്വേഷണസംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍; അന്വേഷണം സ്വര്‍ണ വ്യാപാരി ഗോവര്‍ധനിലേക്കും.

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും കട്ടിളപ്പടികളില്‍ നിന്നും കവര്‍ന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി സംശയം. പ്രത്യേക അന്വേഷണസംഘമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗോവര്‍ധന്‍ എസ്ഐടിക്കു മൊഴി നല്‍കിയതായാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഇതു സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധനെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി എസ്.പി.ശശിധരന്‍ ചോദ്യം ചെയ്തത്. ഗോവര്‍ധനും വില്‍പന സ്ഥിരീകരിച്ചതേടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. സ്വര്‍ണം പൂശലിനൊടുവില്‍ കുറവു വന്ന 476 ഗ്രാം സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി.

മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവര്‍ധനുമായി പോറ്റിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

Scroll to Top