
ഇസ്ലാമാബാദ്: ഇസ്രായേലുമായും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗാസയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന് ഒരുക്കം തുടങ്ങി. യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് പാകിസ്താന്റെ സൈനിക വിന്യാസമെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കാനാണ് പാകിസ്താന് ഒരുക്കം നടത്തുന്നത്. പുനരധിവാസത്തിന്റെയും പുനര്‍ നിര്‍മാണത്തിന്റേയും മറവില്‍ ഗാസയില്‍ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം. അതേസമയം, ഗാസയില്‍ പാക് സൈന്യത്തെ വിന്യസിക്കുന്നതിനെ തുര്‍ക്കി, ഖത്തര്‍, ഇറാന് അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തേക്കുമെന്നും സൂചനയുണ്ട്.
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീര്‍ ഈജിപ്തില്‍ ഈ മാസം തുടക്കത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാകിസ്താന് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാകിസ്താന്, ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണ് ഈ ദൗത്യം. ഗാസയില്‍ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ധാരണയിലെ നിബന്ധനപ്രകാരം, ഇസ്രയേലിനും ഗാസയ്ക്കുമിടയില്‍ പാക് സേന ബഫര്‍ ഫോഴ്സ് (സംരക്ഷണ സംവിധാനം) ആയാണ് പ്രവര്‍ത്തിക്കുക. പുനര്‍നിര്‍മാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിര്‍വഹണത്തിന് സുരക്ഷാകവചമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പകരമായി പാകിസ്താന് വലിയ സാമ്പത്തിക പാക്കേജുകള്‍ ലഭിക്കും. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതല്‍ ഗഡുക്കള്‍ തുടങ്ങിയവയടക്കം പലതരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന് ഇസ്രയേലും അമേരിക്കയും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേല്‍-ഗാസ യുദ്ധം ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടി ഇരു ഭാഗവും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. യുദ്ധാനന്തര ഗാസയിലെ പുനര്‍നിര്‍മ്മാണവും പുനരധിവാസവും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാര്‍ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിര്‍വ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നായിരിക്കും പാകിസ്താന്റെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.



