
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംസ്‌കൃതത്തില്‍ എസ്എഫ്‌ഐ നേതാവിന് വഴിവിട്ട് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്തതായി പരാതി. സംസ്‌കൃത്തില്‍ ഒരു അറിവും ഇല്ലാതെ തന്നെ സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ സര്‍വകലാശാല മൂല്യനിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാനാണ് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് വകുപ്പു മേധാവി കൂടിയായ ഡീന്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എസ്എഫ്‌ഐ നേതാവായ വിപിന്‍ വിജയന്‍ എന്ന ഗവേഷക വിദ്യാര്‍ഥിക്കെതിരേയാണ് വകുപ്പു മേധാവി ഡോ. സി.എന്‍. വിജയകുമാരി പരാതി നല്‍കിയത്.
ചട്ടമ്പിസ്വാമികളേക്കുറിച്ച് ‘സദ്ഗുരു സര്‍വസ്വം- ഒരു പഠനം’ എന്നതായിരുന്നു പ്രബന്ധ വിഷയം. ഡോക്ടറേറ്റ് ബിരുദം നല്‍കുന്നതിന് മുന്നോടിയായി പ്രബന്ധാവതരണവും സംവാദസഭയും (ഓപ്പണ്‍ ഡിഫന്‍സ്) നടന്നിരുന്നു. എന്നാല്‍ ഓപ്പണ്‍ ഡിഫന്‍സില്‍ പ്രബന്ധത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട വസ്തുതാപരരമായ ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ മലയാളത്തിലോ മറുപടി നല്‍കാന്‍ വിദ്യാര്‍ഥിക്കായില്ലെന്നാണ് പരാതി. തെറ്റില്ലാതെ ഒരു ആഖ്യാനം ഇംഗ്ലീഷ് ഭാഷയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ ദുരൂഹതയുണ്ടെന്നും സംവാദസഭയില്‍ പങ്കെടുത്ത വകുപ്പുമേധാവി കൂടിയായ ഡീന്‍ വിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇംഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഓപ്പണ്‍ ഡിഫന്‍സില്‍ പങ്കെടുത്ത അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിക്ക് സാധിച്ചില്ല. ഓണ്‍ലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാര്‍ഥി ഫോണ്‍ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചതായും കത്തില്‍ പറയുന്നു. വിദ്യാര്‍ഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഓണ്‍ലൈനില്‍ പങ്കെടുത്തവര്‍ രേഖാമൂലം അറിയിച്ചതായി ഡീനിന്റെ കത്തിലുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നും ഓപ്പണ്‍ ഡിഫന്‍സില്‍ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ എന്ന നിലയില്‍ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തില്‍ പറയുന്നുണ്ട്.
വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ ബിരുദങ്ങള്‍ നേടുന്നതായി ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാലയുടെ പരമോന്നതമായ ബിരുദം അവാര്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഡീന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മേലിന് നിവേദനം നല്‍കിയിട്ടുണ്ട്.



