
നെയ്‌റോബി: കെനിയയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെട്ടു. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വിനോദ സഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് കിച്ച്വ ടെംബോയിുള്ള മസായ് മാറ നാഷണല്‍ പാര്‍ക്കിലേക്ക് പോകുകയായിരുന്നു സംഘം. യാത്രയ്ക്കിടെ പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. വിമാനം തകര്‍ന്നു വീണത് കെനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.
10 വിനോദ സഞ്ചാരികളും കെനിയന്‍ സ്വദേശിയായ ക്യാപ്റ്റനും അടക്കം 11 പേരാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. 8 ഹംഗറി സ്വദേശികളും 2 ജര്‍മന്‍ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മൊംബാസ എയര്‍ സഫാരി ചെയര്‍മാന്‍ സ്ഥിരീകരിച്ചു. ചെറുവിമാനത്തില്‍ 12 പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം പുറത്തു വന്നിരുന്നത്.
അപകടമുണ്ടായതിനു പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രദേശമാകെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു, മേഖലയില്‍ അപകടസമയത്ത് മോശം കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



