നിരത്തി നിര്‍ത്തി പാവങ്ങളെ വെടിവച്ചു കൊല്ലുന്നു; സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാകുന്നു; കൊടുംക്രൂരതയുടെ മുഖമായി സുഡാനിലെ ആര്‍എസ്എഫ്

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് വീട് നഷ്ടമായി വഴിയാധാരമായ സുഡാന്‍ ജനത

ഖാര്‍ത്തൂം: സുഡാനിലെ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതോടെ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ട് വിമത സേനയായ ആര്‍എസ്എഫ് കൊടുംക്രൂരതയുടെ മുഖമാകുകയാണ്. സാധാരണക്കാരായ നിഷ്‌കളങ്കരായ ജനങ്ങളാണ് കൊല്ലപ്പെടുന്നത്. ആയുധങ്ങളുമായി കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറി ആളുകളെ നിരത്തി നിര്‍ത്തും. തുടര്‍ന്ന് ജനക്കൂട്ടത്തില്‍ നിന്ന് കന്യകമാരെ തെരഞ്ഞെുപിടിച്ച് മാറ്റിനിര്‍ത്തും. ശേഷിക്കുന്നവരെ വെടിവച്ചു കൊല്ലും. കന്യകമാരായ പെണ്‍കുട്ടികളെ ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കും. ആശുപത്രി കെട്ടിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് എല്‍ ഫാഷര്‍. ഭാഗികമായി മരുഭൂമിയാണ് ഇവിടം. സുഡാന്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം 18 മാസമായി ആര്‍എസ്എഫ് വളഞ്ഞിരിക്കുകയായിരുന്നു. ഈ സായുധ സംഘത്തിലെ ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്ന വിഡിയോകളും രാജ്യാന്തര ഏജന്‍സികളുടെ ഉപഗ്രഹ ചിത്രങ്ങളുമാണ് വാര്‍ത്തകളെ പുറംലോകത്തെത്തിക്കുന്നത്. യഥാര്‍ഥ ചിത്രം ഇതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. തെരുവുകളിലും മണല്‍ കൂനകളിലും കൂട്ടത്തോടെ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങളാണ് വിഡിയോകളിലുള്ളത്.

ക്രൂരമായ വിഡിയോകള്‍ പുറത്തെത്തിയതോടെ ആര്‍എസ്എഫ് നേതൃത്വം വിശദീകരണവുമായി എത്തി. സൈന്യത്തിന്റെ പേരില്‍ ക്രൂരതകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു. പുറത്തു വരുന്ന വാര്‍ത്തകളില്‍ പലതും ശരിയല്ലെന്നും നേതൃത്വം അവകാശപ്പെട്ടു.

Scroll to Top