സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്; 46 പാര്‍ട്ടികള്‍ കോടതിയെ സമീപിക്കും

ചെന്നൈ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കും. തമിഴ്‌നാട്ടിലെ ചെറുതും വലുതുമായ 46 പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഒറ്റക്കെട്ടായി കോടതിയെ സമീപിക്കുന്നത്. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍.) പ്രക്രിയ ജനാധിപത്യ വിരുദ്ധമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്ന പ്രമേയം സര്‍വകക്ഷിയോഗം പാസാക്കി. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടാല്‍ എല്ലാ പാര്‍ട്ടികളും സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

64 പാര്‍ട്ടികളെ സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. 46 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാന പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെയെയും ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. എസ്‌ഐആറില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരാനിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 25-ലെ വിജ്ഞാപനത്തിലൂടെ തമിഴ്നാടിനായി പ്രഖ്യാപിച്ച വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന പൂര്‍ണമായും ജനാധിപത്യ വിരുദ്ധവും തമിഴ്നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണവുമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്ന് എംഎന്‍എം നേതാവ് കമല്‍ഹാസന്‍ പറഞ്ഞു. ‘എസ്‌ഐആര്‍ നടപടിയിലെ പിഴവുകള്‍ തിരുത്തണം. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള അവിശ്വാസം ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നടന്‍ വിജയിയുടെ തമിഴക വെട്രി കഴകവും (ടിവികെ) എസ്‌ഐആര്‍ നടപടിയെ അപലപിച്ചെങ്കിലും സര്‍വകക്ഷി യോഗം ഡിഎംകെയുടെ രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ചു. എസ്‌ഐആറിനെതിരെ കേരള സര്‍ക്കാര്‍ നിയമസഭയില്‍ ഒരു പ്രമേയം പാസാക്കി. എന്തുകൊണ്ടാണ് ഡിഎംകെ സര്‍ക്കാര്‍ അത് ചെയ്യാത്തതെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് പ്രസ്താവനയില്‍ ചോദിച്ചു.

 

Scroll to Top