ബിഹാര്‍ പോളിംഗ്ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 121 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിനായി ബിഹാര്‍ വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വ്യാഴാഴ്ചയാണ് ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. പരസ്യപ്രചാരണം കലാശം കൊട്ടിയതോടെ ഇനിയുള്ള രണ്ടുദിവസങ്ങള്‍ നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട പോളിംഗ് നടക്കുന്നത്. കനത്ത സുരക്ഷാ വിന്യാസമാണ് ഈ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്. പട്‌ന, വൈശാലി, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച് തുടങ്ങിയ പ്രദേശങ്ങള്‍ ഒന്നാംഘട്ടത്തില്‍ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും (ഇന്ത്യ ബ്ലോക്ക്) തമ്മിലാണ് പ്രധാന പോരാട്ടം.

വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്ക് എന്‍ഡിഎ ഊന്നല്‍ നല്‍കിയപ്പോള്‍, മഹാസഖ്യം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും പ്രധാന വിഷയമാക്കി. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം, സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അവസാന ദിവസത്തെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു.

മൊകാമ മണ്ഡലത്തിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജെ.ഡി.യു. സ്ഥാനാര്‍ത്ഥി അനന്ത് സിങിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് അവസാന ലാപ്പ് പ്രചരണത്തില്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭാര്യയെ പ്രചരണ രംഗത്തിറക്കി ജയില്‍ കാര്‍ഡ് പരീക്ഷണവും ജെഡിയും നടത്തിയിട്ടുണ്ട്. നവംബര്‍ 14-നാണ് വോട്ടെണ്ണല്‍ നടക്കുക. മഹാസഖ്യത്തിന്റെ തൊഴിലധിഷ്ഠിത പ്രചാരണമാണോ എന്‍.ഡി.എയുടെ ഭരണനേട്ട പ്രചാരണമാണോ കൂടുതല്‍ വിജയിച്ചത് എന്നത് അന്തിമ ഫലത്തില്‍ വ്യക്തമായി പ്രതിഫലിക്കും.

Scroll to Top