ബ്രസീലിയന്‍ മോഡലിന് ഇന്ത്യയില്‍ വോട്ട്; ഒരു സംസ്ഥാനം തന്നെ മോഷ്ടിച്ച വോട്ട് ചോരിയുടെ കഥ; രാഹുല്‍ഗാന്ധിയുടെ ‘ഹൈഡ്രജന്‍ ബോംബ്’

ബ്രസീലില്‍ നിന്നുള്ള ഒരു മോഡല്‍ ഇന്ത്യയിലെത്തി വോട്ട് ചെയ്‌തെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ, നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു സംഭവം കഴിഞ്ഞ വര്‍ഷത്തെ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ട്. ഒരേ ഫോട്ടോ ഉള്ള 22 വോട്ടര്‍മാര്‍. 22 തിരിച്ചറിയല്‍ കാര്‍ഡ്. പത്ത് ബൂത്തുകളിലായി ഇതേ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടുകള്‍ ചേര്‍ത്തു. ഒരിടത്ത് അവള്‍ സീമയായി, ഒരിടത്ത് സ്വീറ്റി, മറ്റൊരിടത്ത് വിമല, ഇനിയൊരിടത്ത് സരസ്വതി. പക്ഷേ, രൂപവും മുഖവും എല്ലാം ഒന്നു തന്നെ. ഫോട്ടോയിലുള്ളത് ബ്രസീലിയന്‍ മോഡലായ യുവതിയാണ്. 22 പേര്‍ ഈ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചേര്‍ക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഹരിയാണയില്‍ നടന്ന, രാജ്യമെമ്പാടും നടക്കാന്‍ സാധ്യതയുള്ള ഒരു വോട്ട് കൊള്ളയുടേ നേര്‍ചിത്രമാണ് രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലുള്ളത്.

എച്ച് ഫയല്‍സ് എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഹൈഡ്രജന്‍ ബോംബ് വെളിപ്പെടുത്തല്‍ ഒരു സംസ്ഥാനം തന്നെ കൊള്ളയടിക്കുന്നത് എങ്ങനെ എന്നതിന്റെ നേര്‍സാക്ഷ്യമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ വഴിയൊരുക്കി, അതുവഴി എല്ലാ എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന് വിജയം പ്രവചിച്ച ഹരിയാണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയുമാണ് ചെയ്തത്. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ വച്ചുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വോട്ട് കൊള്ളയില്‍ ഒന്ന് മാത്രമാണ്. ഇത്തരത്തില്‍ ഹരിയാണയിലാകെ അഞ്ചു വിഭാഗങ്ങളിലായി 25 ലക്ഷം കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടതായി രാഹുല്‍ ആരോപിക്കുന്നു. ഹരിയാണയില്‍ ആകെയുള്ള രണ്ടുകോടി വോട്ടര്‍മാരില്‍ എട്ടിലൊരു ഭാഗവും കള്ളവോട്ട് ചേര്‍ക്കപ്പെട്ടെന്ന രാഹുലിന്റെ ആരോപണം ഹരിയാണയിലെ വോട്ട് കൊള്ളയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു.

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ കഥയാണ് രാഹുല്‍ഗാന്ധി ഇതിലൂടെ വെളിപ്പെടുത്തിയത്. തെറ്റായ വിലാസങ്ങളില്‍ 93,174 വോട്ടുകളുണ്ട് ഹരിയാണയില്‍. വ്യാജവോട്ടുകളുടെ എണ്ണം 5,21,619 ആണ്. ഇരട്ടവോട്ടുകള്‍ 19,26,351 ആണ്. ഇവയടക്കമാണ് 25,41,144 കള്ളവോട്ടര്‍മാരുണ്ടെന്ന് രാഹുല്‍ പറയുന്നത്. ഇവയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വോട്ടര്‍ പട്ടിക ആധാരമാക്കിയാണ് ഈ തെളിവുകളെല്ലാം രാഹുല്‍ നിരത്തുന്നത്. ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരാള്‍ മാത്രം ഒരേ ഫോട്ടോയില്‍ പല പേരുകളിലായി നൂറ് വോട്ടുകളുണ്ട്. പലര്‍ക്കും മേല്‍വിലാസം പോലും ഇല്ല. ഉള്ളതില്‍ തന്നെ പല മേല്‍വിലാസങ്ങളും തെറ്റാണ്. ചില വീട്ടുനമ്പരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പൂജ്യം എന്നാണ്. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ ഹരിയാണയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ചൂണ്ടിക്കാണിക്കാനുമാകും.

മൂന്നര ലക്ഷം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുതുക്കലിന്റെ പേരില്‍ ഒഴിവാക്കി. അതെല്ലാം ഇന്ത്യാ സഖ്യത്തിനും കോണ്‍ഗ്രസിനും ലഭിക്കേണ്ട വോട്ടുകളായിരുന്നു. ഇത് സ്ഥാപിക്കാന്‍ ഹരിയാണയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുടെ വീഡിയോ സന്ദേശം കൂടി രാഹുല്‍ അവതരിപ്പിച്ചു. ഇത്രയും വോട്ട് ചോരി നടന്നിട്ടും കോണ്‍ഗ്രസ് തോറ്റത് വെറും 22,779 വോട്ടിനാണെന്ന് രാഹുല്‍ പറയുന്നു. കോണ്‍ഗ്രസ് തോറ്റ 8 മണ്ഡലങ്ങളില്‍ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. അതുകൊണ്ടാണ് ഈ വോട്ട് കൊള്ള ഒരു കേന്ദ്രീകൃത അട്ടിമറിയാണെന്ന് രാഹുല്‍ പറയാനുണ്ടായ കാരണവും. ഹരിയാണയുടെ ചരിത്രത്തിലാദ്യമായി പോസ്റ്റല്‍ വോട്ടുകളും അന്തിമ വോട്ടുകളും തമ്മില്‍ അന്തരമുണ്ടായത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. 17 സീറ്റുകളില്‍ മാത്രമാണ് ബിജെപി തപാല്‍ വോട്ടുകളില്‍ ലീഡ് ചെയ്തതെന്ന് കണക്കുകള്‍ ഉദ്ദരിച്ച് രാഹുല്‍ സ്ഥാപിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ ഹരിയാണ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ അട്ടിമറിക്ക് ഒന്നാന്തരം തെളിവാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. എല്ലാ എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വിജയം പ്രവചിച്ചപ്പോഴും ഇങ്ങനെ പറയാന്‍ അദ്ദേഹത്തിനുള്ള ആത്മവിശ്വാസം വോട്ട് കൊള്ള തന്നെയാണെന്ന് രാഹുല്‍ പറയുന്നു. ഇതിന് ബലം പകര്‍ന്ന് കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ ബി.ഗോപാലകൃഷ്ണന്റെ വിവാദമായ ഒരു പഴയ പ്രസ്താവനയുടെ വീഡിയോയും രാഹുല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. തൃശ്ശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ തങ്ങള്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും എന്നു പറയുന്ന വീഡിയോ രാജ്യത്തെവിടെയും വോട്ട്് മോഷണം നടത്തും എന്ന വെല്ലുവിളിയാണെന്ന് തെളിയിക്കുന്നതിനാണ് ഗോപാലകൃഷ്ണന്റെ വീഡിയോ രാഹുല്‍ പ്രദര്‍ശിപ്പിച്ചത്. യുപിയിലെ ബിജെപി നേതാക്കള്‍വരെ ഹരിയാണയില്‍ വോട്ടുചെയ്‌തെന്ന് ഇതിന് തെൡവായി രാഹുല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ബിജെപിയെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വന്‍ തട്ടിപ്പ് തന്നെ നടത്തി. അതുകൊണ്ടാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തെരഞ്ഞെടു്പ്പ് കമ്മീഷന്‍ മടിക്കുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന തന്നെ നടന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുകയാണെന്നു കൂടി രാഹുല്‍ ആരോപിക്കുന്നു. ജനാധിപത്യവും സത്യവും അഹിംസയും പുലരണമെന്നും പറഞ്ഞ രാഹുല്‍ അത് തിരിച്ചുപിടിക്കാനുള്ള ശക്തി ഇന്ത്യന്‍ യുവത്വത്തിനുണ്ടെന്ന മുന്നറിയിപ്പാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കുന്നത്.

അതേസമയം, രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. ഒരു തെളിവും ഇല്ലാത്ത ആക്ഷേപങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഹുല്‍ ഉന്നയിച്ച ഒരു ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്താനായിട്ടില്ല. ഇനി അങ്ങനെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ പരിശോധനയുടെ സമയത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് എന്തെടുക്കുകയായിരുന്നെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചത്. രാഹുല്‍ ഗാന്ധി ഇല്ലാത്ത കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നത് ബിഹാറിലാണ്. അപ്പോള്‍ ബിഹാറിലെ കാര്യങ്ങളല്ലേ പറയേണ്ടത്. ബിഹാറിനെ കുറിച്ച് ഒന്നും പറയാന്‍ രാഹുല്‍ഗാന്ധിക്ക് ഇല്ല. അപ്പോള്‍പിന്നെ ആ നരേറ്റീവ് ഹരിയാണയിലേക്ക് മാറ്റിപ്പിടിക്കുന്നു. അതാണ് ഇവിടെ സംഭവിക്കുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.

വ്യാഴാഴ്ച ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വോട്ട് കൊള്ള ആരോപണത്തില്‍ ‘ആറ്റംബോംബിന്’ പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ ‘ഹൈഡ്രജന്‍ ബോംബും’ രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്. ഇനി ഇത് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏതു രീതിയിലായിരിക്കും ബിജെപിക്ക് തിരിച്ചടിയാകുന്നതെന്ന് കാത്തിരുന്നു കാണണം.

 

Scroll to Top