
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന കത്ത് കണ്ടെടുത്ത് പ്രത്യേക അന്വേഷണസംഘം. 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന ആര്‍.ജി രാധാകൃഷ്ണന്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന എ.പദ്മകുമാറിന് എഴുതിയ കത്താണ് എസ്‌ഐടി കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി കത്ത് ശേഖരിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലകശില്‍പം ചെന്നൈയില്‍ കൊണ്ടുപോയ സമയത്താണ് കത്തെഴുതിയത്. അമൂല്യ വസ്തുക്കള്‍ നഷ്ടമായേക്കാമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍, കത്ത് ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്.
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തി സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ കണ്ടതിനു ശേഷം മടങ്ങിയെത്തി മൂന്നു ദിവസത്തിനുള്ളിലാണ് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കത്തു നല്‍കിയത്. ഒടുവിലത് സ്വര്‍ണക്കവര്‍ച്ചയിലെത്തി. 2019 ഓഗസ്റ്റ് 5ന് തിരുവാഭരണം കമ്മിഷണറായി ചുമതലയേറ്റ ശേഷം രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ദേവസ്വം മാന്വലും തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളും 15 വര്‍ഷമായി പിന്തുടരുന്നില്ലെന്നു കണ്ടെത്തിയതായും കത്തില്‍ പറയുന്നു.
കത്തില്‍ ദേവസ്വം കമ്മീഷണര്‍ നിര്‍ദേശിച്ച പ്രധാന കാര്യങ്ങള്‍ ഇതായിരുന്നു. ‘ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. ഇതു സംബന്ധിച്ച സ്റ്റേറ്റ്മെന്റുകള്‍ ഉദ്യോഗസ്ഥര്‍ മേല്‍ ഓഫിസുകളിലേക്ക് അയയ്ക്കുന്നില്ല. ക്ഷേത്രങ്ങളിലെ വിലപിടിച്ച വസ്തുക്കളെക്കുറിച്ചുള്ള പരിശോധന നടത്തുകയോ രജിസ്റ്ററുകള്‍ പാലിക്കുകയോ ചെയ്യുന്നില്ല. പ്രഥമ പരിഗണന നല്‍കേണ്ടത് വിലപിടിപ്പുള്ള സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ നടവരവിലും വിനിയോഗത്തിലുമാണെങ്കിലും അതിന് ഏറ്റവും അവസാന പരിഗണനയാണു ലഭിക്കുന്നതെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം അമൂല്യമായ തിരുവാഭരണങ്ങളും ഉരുപ്പടികളും സുരക്ഷിതമാണോ എന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’
ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചുവയ്ക്കുന്ന അമൂല്യങ്ങളായ വൈരങ്ങളും രത്നങ്ങളും ആഭരണങ്ങളും സംബന്ധിച്ച് വിശദമായ പരിശോധന നടത്തി രേഖ തയ്യാറാക്കി ഭാവിയിലേക്കു മുതല്‍ക്കൂട്ടായി സംരക്ഷിക്കണം. നിത്യോപയോഗമില്ലാത്ത ആഭരണങ്ങള്‍ ഉരുക്കി ബാറുകളാക്കി സൂക്ഷിക്കണം. കാണിക്കയായി കിട്ടുന്ന സ്വര്‍ണവും വെള്ളിയും മുദ്രപ്പൊതികളായി ദേവസ്വത്തിലും സ്ട്രോങ് റൂമുകളിലും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതും പരിശോധിച്ച് ഉരുക്കി ബാറുകളാക്കി സൂക്ഷിക്കണം. പാറശാല മുതല്‍ പെരുമനം വരെയുള്ള 263 സബ് ഗ്രൂപ്പുകളിലുള്ള ക്ഷേത്രങ്ങളും പരിശോധന ഉറപ്പാക്കി ഉത്തരവ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ ഈ നിര്‍ദേശങ്ങള്‍ ഒന്നും ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ലെന്നതാണ് സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദങ്ങളിലേക്ക് എത്തിച്ചത്.



