
ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നു രണ്‍ധീര്‍ ജയ്സ്വാള്‍. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങള്‍, രഹസ്യ പങ്കാളിത്തങ്ങള്‍, എ.ക്യു ഖാന് ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാകിസ്താന്റെ ആണവ ചരിത്രം. പാകിസ്താന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് രഹസ്യമായി ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് മൂന്നു പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ വിട്ടുനിന്നപ്പോള്‍ പാകിസ്താന് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഭൂമിക്കടിയില്‍ ആണവ പരീക്ഷണങ്ങള്‍ തുടരുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. പാകിസ്താന് അടക്കമുള്ള രാജ്യങ്ങള്‍ ആണവായുധം പരീക്ഷിക്കുന്നതു കൊണ്ട് യുഎസും പരീക്ഷണം നടത്താന്‍ പോവുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ആരാഞ്ഞപ്പോഴാണ് ജയ്സ്വാളിന്റെ പ്രതികരണം. ട്രംപിന്റെ ഈ വാദം പാകിസ്താന് തള്ളിയിരുന്നു.



