ശബരിമലയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍; ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി കെ.ജയകുമാര്‍ എത്തിയേക്കും.? അനൗദ്യോഗിക ചര്‍ച്ചകള്‍; മുഖ്യമന്ത്രിക്കും തൃപ്തി; പ്രഖ്യാപനം നാളെ ഉണ്ടായേക്കും

K JAYAKUMAR

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസ് അടക്കം വിവാദങ്ങളില്‍ കുടുങ്ങി നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ട് വന്‍ അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായാണ് സൂചനകള്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന്റെ പേരും പരിഗണനയിലുണ്ട്. ഇദ്ദേഹവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.

മുന്‍ ചീഫ് സെക്രട്ടറിയും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. ദേവസ്വം പ്രസിഡണ്ടിനെ തീരുമാനിച്ചതായും എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ ആയിരിക്കില്ലെന്നും പുതിയ ആള്‍ ആയിരിക്കുമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം നവംബര്‍ 16ന് ആരംഭിക്കാനിരിക്കെ ഏറ്റവും വേഗത്തില്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മൂന്നു നാലു പേരുകള്‍ പരിഗണനയിലുണ്ടെന്നും കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. അതില്‍ കെ. ജയകുമാറിന്റെ പേരിനാണ് പ്രഥമപരിഗണന ലഭിച്ചത് എന്നാണ് വിവരം.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍ നിന്നുള്ള സതീശന്‍ എന്ന വ്യക്തിയെയാണ് നിര്‍ദേശിച്ചത്, എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ആളെത്തന്നെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം നാളെത്തന്നെ ഉണ്ടാകും. അധികം വൈകാതെ ഉത്തരവ് ഇറങ്ങും എന്നാണ് വിവരം.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കെ. ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് സന്തോഷത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll to Top