ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വ്യോമഗതാഗതം താളം തെറ്റി., ആകെ വൈകിയത് 800-ഓളം വിമാനങ്ങള്‍

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800ഓളം വിമാനങ്ങളെന്ന് കണക്ക്. രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകളെ തകരാര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തില്‍ (AMSS) ഉണ്ടായ സാങ്കേതിക തകരാറാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ചതെന്ന് പറയപ്പെടുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെസേജിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 800 ഓളം വിമാനങ്ങള്‍ വൈകിയതിന് പിന്നാലെ, സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ജയ്പുര്‍, ലക്‌നൗ, വാരണാസി തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നതിനാല്‍ ഡല്‍ഹിയിലെ AMSS തകരാര്‍ ഈ വിമാനത്താവളങ്ങളെയും ബാധിച്ചിട്ടുണ്ട്.

അതേസമയം, മറ്റ് വിമാനത്താവളങ്ങളില്‍ ഇത്തരമൊരു പ്രശ്‌നമുള്ളതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകാം. വിമാനങ്ങളുടെ തല്‍സ്ഥിതിയെയും പുതുക്കിയ സമയക്രമത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായും മുംബൈ വിമാനത്താവളം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അതേസമയം, ഡല്‍ഹിയിലെ എടിസി തകരാര്‍ മൂലം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞത് 15 വിമാനങ്ങള്‍ വൈകി. 800-ലധികം ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകിയതോടെ, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളം വെള്ളിയാഴ്ച ആശങ്കയിലായി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നുണ്ടെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ അറിയിച്ചു.

Scroll to Top