ഐസിസ് പരോക്ഷ ആക്രമണരീതികളിലേക്ക് കടക്കുന്നു; ബോംബ് പോലുള്ള പരമ്പരാഗത രീതി വിട്ടൊഴിഞ്ഞു.? വിഷം കലര്‍ത്തലും രാസപ്രയോഗങ്ങളും പുതിയ രീതി.

അഹമ്മദാബാദ്: ഭീകരാക്രമണത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യക്ഷമായ ബോംബാക്രമണം പോലുള്ള പരമ്പരാഗത രീതികളില്‍ നിന്ന് മാറി വിഷം കലര്‍ത്തല്‍, രാസപ്രയോഗം അടക്കമുള്ള രീതികളിലേക്ക് ചുവട് മാറുന്നതായാണ് സംശയം. കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.

പ്രത്യക്ഷ ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് പരോക്ഷമായ ആക്രമണ തീരികളിലേയ്ക്ക് മാറുന്ന ഈ തന്ത്രം വന്‍തോതില്‍ ആള്‍നാശത്തിന് ഇടയാക്കും എന്നതോടൊപ്പം, അതിനുമപ്പുറത്ത് വലിയ ഭീതിയും സാമൂഹിക വിപത്തുമുണ്ടാക്കുന്നതാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവണക്കിന്‍ കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന അതിമാരക വിഷമായ റിസിന്‍ ഉപയോഗിച്ചുള്ള ഒരു ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയതായി ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസം ഗുജറാത്തില്‍ നിന്നുള്ള എംബിബിഎസ് ബിരുദധാരിയായ ഡോ. അഹമ്മദ് മുഹിയദ്ദീന്‍ സെയ്ദിനെയും യുപിയില്‍നിന്നുള്ള കൂട്ടാളികളായ മുഹമ്മദ് സുഹൈല്‍, ആസാദ് സുലൈമാന്‍ സെയ്ഫി എന്നിവരേയും ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടിയിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിലെ പൊതു ജലസ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദത്തിലും റിസിന്‍ കലര്‍ത്തി വിഷലിപ്തമാക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ഐസിസ്, ബോംബധിഷ്ഠിത കൈനറ്റിക് ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ജൈവ-രാസ, മാനസിക ഭീകരവാദത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതുസംബന്ധിച്ച നിരവധി രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിഭ്രാന്തി സൃഷ്ടിക്കുക, സര്‍ക്കാരില്‍ അവിശ്വാസമുണ്ടാക്കുക, വര്‍ഗീയ വികാരങ്ങളെ മുതലെടുക്കുക എന്നിവയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Scroll to Top