
ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി അന്വേഷണ ഏജന്‍സികള്‍., പൊട്ടിത്തെറിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരില്‍ നിന്ന് ആരംഭിച്ച അന്വേഷണം കാറിന്റെ ഉടമകളിലേക്കും കാറിന്റെ റൂട്ട്മാപ്പിലേക്കും വരെ എത്തി. ‘HR 26 CE 7674’ എന്ന നമ്പരിലുള്ള ഹ്യൂണ്ടായ് ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. 2013-ല്‍ പുറത്തിറങ്ങിയ കാര്‍ 2014-ല്‍ സല്‍മാന്‍ എന്നയാള്‍ വാങ്ങിയതിനു ശേഷം ആറു പേരിലൂടെ കൈമറിഞ്ഞാണ് ഇപ്പോഴത്തെ ഉടമയിലെത്തിയത് എന്നാണ് കണ്ടെത്തല്‍. ഗുരുഗ്രാം സ്വദേശിയായ സല്‍മാന്‍ രണ്ടാമത്തെ ഉടമസ്ഥനാണ്.
കാറിന്റെ വിവരങ്ങള്‍ ആരായാന്‍ പൊലീസ് സല്‍മാനെ ബന്ധപ്പെട്ടപ്പോള്‍ കാര്‍ ഓഖ്ല സ്വദേശിയായ ദേവേന്ദ്ര എന്നയാള്‍ക്ക് മാര്‍ച്ചില്‍ വിറ്റതാണെന്നാണ് സല്‍മാന്‍ പറഞ്ഞത്. ദേവേന്ദ്ര പിന്നീട് ഈ കാര്‍ കശ്മീരിലെ പുല്‍വാമ സ്വദേശിയായ ആമിര്‍ എന്നയാള്‍ക്കു വിറ്റു. ആമിറില്‍നിന്നാണ് താരിഖ് എന്നയാള്‍ക്കും പിന്നീട് അല്‍ ഫല മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോ.ഉമര്‍ മുഹമ്മദിനും ലഭിക്കുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ ഉമറാണ് കാറോടിച്ചിരുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ഉടമകള്‍ മാറിമാറി വന്നെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇപ്പോഴും ഉടമസ്ഥന്‍ സല്‍മാന്‍ തന്നെയാണ്. അതേസമയം, സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനരംഗത്ത് ഡോക്യുമെന്റേഷന്‍ ചെലവുകള്‍ ഒഴിവാക്കാനായി റീറജിസ്‌ട്രേഷനില്ലാതെ വാഹനങ്ങള്‍ കൈമാറുന്നത് സാധാരണമാണെന്നും പറയപ്പെടുന്നു.
കാറിന്റെ റൂട്ട്മാപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദില്‍ നിന്ന്് ബദര്‍പുര്‍ അതിര്‍ത്തിയിലൂടെയാണ് ഉമര്‍ മുഹമ്മദ് കാറുമായി ഡല്‍ഹിയിലേക്കു കടന്നത്. ഔട്ടര്‍ റിങ് റോഡിലൂടെ രാവിലെ 8.13ന് വാഹനം ബദര്‍പുര്‍ ടോള്‍ ബൂത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. 8.20ന് കാര്‍ ഓഖ്ലയിലെ പെട്രോള്‍ പമ്പിന് സമീപത്തെത്തി. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം 3.19ന് ചെങ്കോട്ട കോംപ്ലക്‌സിലെ പാര്‍ക്കിങ്ങിലേക്ക് വാഹനം എത്തുന്നുണ്ട്. ഇവിടെനിന്നു വൈകിട്ട് 6.28നാണ് കാര്‍ തിരികെ പോകുന്നത്. സുനേരി മസ്ജിദിനു സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ മൂന്നു മണിക്കൂറോളമാണമാണ് വാഹനം നിര്‍ത്തിയിട്ടത്.
ഈ സമയമത്രയും ഉമര്‍ കാറിനുള്ളിലുണ്ടായിരുന്നു. ഒരു നിമിഷം പോലും ഇയാള്‍ പുറത്തിറങ്ങിയിരുന്നില്ല. ഇയാള്‍ ആരെയോ കാത്തിരിക്കുകയോ അതല്ലെങ്കില്‍ ആരുടെയെങ്കിലും നിര്‍ദേശം കാത്തിരിക്കുകയോ ആയിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പാര്‍ക്കിങ്ങില്‍നിന്നിറങ്ങിയ ശേഷം കാര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്കു പോയി. പിന്നീട് വൈകിട്ട് 6.52ന് നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്‌നലില്‍വച്ച് പൊട്ടിത്തെറിച്ചു.



