
ദുബായ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തദ്ദേശീയ യുദ്ധവിമാനമായ തേജസ്, ദുബായില്‍ പ്രദര്‍ശന പറക്കലിനിടെ തകര്‍ന്നു വീണു. ദുബായ് എയര്‍ഷോയ്ക്കിടെയാണ് തേജസ് തകര്‍ന്നത്. അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച തേജസ്, താഴെ വീണ് പൊട്ടിത്തെറിക്കുകയും വലിയൊരു തീഗോളമായി മാറുകയുമായിരുന്നു. ദുബായ് അല്‍ മക്തൂം വിമാനത്താവളത്തിനടുത്താണ് സംഭവം. അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല,. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് വെയ്റ്റ് സിംഗിള്‍ എന്ജിന് യുദ്ധവിമാനമാണ് തേജസ്. ഒരാള്‍ മാത്രമായിരിക്കും പൈലറ്റ്.
ദുബായ് പ്രാദേശിക സമയം രണ്ടിനും മൂന്നിനും ഇടയ്ക്കാണ് സംഭവം. 8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോള്‍ ഓവര്‍ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു. വീണതിനു പിന്നാലെ വലിയ തീ ഗോളമായി വിമാനം മാറി. പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. അപകട സമയത്ത് വിങ് കമാന്‍ഡര്‍ തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നവംബര്‍ 17 മുതല്‍ അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയത്. എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യകിരണ്‍ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം നടത്തി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയര്‍ന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്. ആകാശത്ത് പ്രകടനം നടത്തുമ്പോള്‍ വിമാനത്തിനു മറ്റു പ്രശ്നങ്ങള്‍ കാണാനില്ലായിരുന്നു. താഴെ വീണതിനു ശേഷമാണ് കത്തിയമര്‍ന്നത്.



