
തൃശ്ശൂര്‍: കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. സിപിഐഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കും പൊലീസിന്റെ കസ്റ്റഡി ഭീകരതയ്ക്കും എതിരെയാണ് പോരാട്ടമെന്ന് സുജിത്ത് പറയുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂര്‍ വാര്‍ഡിലാണ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കന്നിയങ്കത്തിനിറങ്ങുന്നത്.
മുന്‍പ് നിരവധി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച പാരമ്പര്യവും പരിചയ സമ്പത്തുമാണ് സുജിത്തിന്റെ മുതല്‍ക്കൂട്ട്. കസ്റ്റഡി മര്‍ദ്ദനത്തിന്റെ ഇരയാണ് താനെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നത് തന്നെയാണ് തന്റെ നേട്ടമെന്ന് സുജിത്ത് പറയുന്നു. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ വോട്ടായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാല്‍നൂറ്റാണ്ടായി ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഐഎം ഭരണസമിതിയുടെ ഭരണത്തില്‍ നിരവധി പോരായ്മകളുണ്ട്. പഞ്ചായത്തില്‍ ഒരു വികസനവും സംഭവിച്ചിട്ടില്ലെന്നും വികസന മുരടിപ്പിനെതിരെ ജനം വിധിയെഴുതുമെന്നും സുജിത്ത് വ്യക്തമാക്കി.
2020-ല്‍ 14-ല്‍ 14 വാര്‍ഡുകളും തൂത്തുവാരി എല്‍ഡിഎഫ് വിജയിച്ച ചൊവ്വന്നൂര്‍ ബ്ലോക്കില്‍ ഇക്കുറി മത്സരം കഠിനമായിരിക്കും. വാര്‍ഡ് ഇക്കുറി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് സുജിത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിശക്തമായ പ്രചാരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഉന്നത നേതാക്കളെ അടക്കം പ്രചാരണത്തിന് എത്തിക്കാനും ആലോചനയുണ്ട്.



