
കൊച്ചി: ഒരുമിച്ച് താമസിക്കുന്ന പങ്കാളിയെ വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മുറിവേല്‍പിച്ചതിന് യുവമോര്‍ച്ച നേതാവ് കൊച്ചിയില്‍ അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവര്‍ഷമായി ഗോപുവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടില്‍ പൂട്ടിയിട്ട് കേബിള്‍കൊണ്ട് ക്രൂരമായ മര്‍ദ്ദിച്ചെന്നാണ് കേസ്. ദേഹം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഗോപുവും പെണ്‍കുട്ടിയും 5 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ കണ്ടെത്തിയ പൊലീസ് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. പുറത്തുപോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടുമെന്നും ക്രൂരമായി മര്‍ദിക്കുമെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുന്‍ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.



