
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിനു മുന്നോടിയായി ഫരീദാബാദില്‍ ഭീകരപ്രവര്‍ത്തനത്തിന് പിടിയിലായ ഡോ.മുസമ്മില്‍ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട് ‘ബോംബ് ഫാക്ടറി’ ആക്കി മാറ്റിയിരുന്നെന്ന് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീട്ടിനകത്ത് ഒരു ഫ്ളോര്‍ മില്ല് വരെ സജ്ജീകരിച്ചിരുന്നു. രാസവസ്തുക്കള്‍ പൊടിക്കാനായാണ് ഇത് ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും രണ്ടു തോക്കുകളും ടൈമറുകളും വാക്കിടോക്കിയുമാണ് ഡല്‍ഹി സ്ഫോടനത്തിനു തൊട്ടുമുന്‍പ് ജമ്മു കശ്മീര്‍ പൊലീസ് ഇവിടെ നിന്ന് പിടികൂടിയിരുന്നത്.
വലിയ ഗ്രൈന്ഡറോടു കൂടിയ ഫ്ളോര്‍ മില്ലാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. രാസവസ്തുക്കള്‍ ബോംബ് നിര്‍മാണത്തിനായി പൊടിച്ചെടുത്തത് ഇവിടെ നിന്നാണെന്ന് കണ്ടെത്തി. ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ ഈ വീട് മാസം 1500 രൂപ വാടകയ്ക്കാണ് ഡോ.മുസമ്മില്‍ എടുത്തിരുന്നത്.
ഫരീദാബാദിലെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടറാണ് മുസമ്മില്‍ ഷക്കീല്‍. ഇയാളുടെ കൂട്ടാളിയാണ് ഡല്‍ഹിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബി. ഇരുവരും ചേര്‍ന്ന് രണ്ടുവര്‍ഷത്തിലേറെയായി സ്ഫോടനം ആസൂത്രണം ചെയ്യുന്നുവെന്നാണ് അല്‍ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്തിയ തെളിവുകളില്‍ വ്യക്തമായത്. ഡോ.മുസമ്മിലിന്റെ ഡയറിയില്‍ നിന്ന് പല കോഡുകളും പേരുകളും നമ്പറുകളും ലഭിച്ചിട്ടുണ്ട്. 2530 ആളുകളുടെ പേര് ഡയറികളില്‍ നിന്ന് ലഭിച്ചതായാണ് വിവരം. ഇതില്‍ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരില്‍ നിന്നുള്ളവരുടേതാണ്. ഫരീദാബാദിലെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ പേരുകളുമുണ്ട്.
നവംബര്‍ 5ന് യുപിയിലെ സഹറന്‍പുരില്‍ നിന്ന് ഡോ. അദീല്‍ അഹമ്മദ് എന്നയാളെ ഭീകരബന്ധത്തിന് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മില്‍ ഷക്കീലിന്റെയും ഡോ. ഷഹീന് സയീദിന്റെയും വിവരം ലഭിക്കുന്നത്. തൊട്ടുപിന്നാലെ നവംബര്‍ എട്ടിന് ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റു ചെയ്തു. ഡോ. ഉമര്‍ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മില്‍ ഷക്കീലില്‍ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബര്‍ 10നാണ് ഡോ. ഉമര്‍ നബി ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്. 13 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.



