തേജസ് വിമാനദുരന്തം; മരിച്ചത് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പൈലറ്റ്; നമാംശ് സ്യാല്‍ വ്ിംഗ് കമാന്‍ഡര്‍

ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു മരിച്ചത് നമാംശ് സ്യാല്‍ എന്ന വ്യോമസേനാ പൈലറ്റ് ആണെന്ന് തിരിച്ചറിഞ്ഞു. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള വ്യോമസേനാ വിംഗ് കമാന്‍ഡറാണ് മരിച്ച 37കാരന്‍. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ല സ്വദേശിയാണ് നമാംശ് സ്യാല്‍. ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു, അപകടമരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പൈലറ്റിന്റെ ചിത്രം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. വെള്ളിയാഴ്ച ദുബായ് എയര്‍ഷോയ്ക്കിടെ അഭ്യാസപ്രകടനം നടത്തുമ്പോഴാണ് തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയെരിഞ്ഞത്.

ധീരനും കര്‍ത്തവ്യനിരതനുമായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് സുഖ്വീന്ദര്‍ സിങ് സുഖു എക്‌സില്‍ കുറിച്ചു. ‘ദുഃഖിതരായ കുടുംബാംഗങ്ങളെ ഞാന്‍ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ധീരപുത്രന്‍ നമാംശ് സ്യാലിന്റെ അടങ്ങാത്ത ധീരതയ്ക്കും കര്‍ത്തവ്യത്തോടുള്ള അര്‍പ്പണബോധത്തിനും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഞാന്‍ ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.’ സുഖ്വീന്ദര്‍ സിങ് എക്‌സില്‍ കുറിച്ചു.

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂറും പൈലറ്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ഹൃദയഭേദകവും വേദനാജനകവുമാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ അഭ്യാസ പ്രദര്‍ശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തില്‍ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.

Scroll to Top