
തിരുവനന്തപുരം: കേരളത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികാ സമര്പണം അവസാനിച്ചു. സംസ്ഥാനത്ത് ആകെ 1,64,427 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 19,959 പത്രികകളാണ് മലപ്പുറത്ത് ലഭിച്ചത്. 5227 പത്രികകള്‍ ലഭിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. പത്രിക സമര്പിച്ചതില് കൂടുതലും വനിതാ സ്ഥാനാര്‍ത്ഥികളാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും.
ഏറ്റവും കൂടുതല്‍ പത്രിക സമര്‍പിക്കപ്പെട്ട മലപ്പുറത്ത്, പുരുഷ സ്ഥാനാര്‍ത്ഥികളുടെ 10,126 പത്രികകളും വനിതാ സ്ഥാനാര്‍ത്ഥികളുടെ 9,833 പത്രികകളും ഉണ്ട്. 6,936 പുരുഷ സ്ഥാനാര്‍ത്ഥികളും 6659 വനിതാ സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ഏറ്റവും കുറവ് പത്രികകളുള്ള വയനാട്ടില്‍ പുരുഷ സ്ഥാനാര്‍ത്ഥികളുടെ 2430 പത്രികകളും വനിതാ സ്ഥാനാര്‍ത്ഥികളുടെ 2797 പത്രികകളും ലഭിച്ചു. 1500 പുരുഷ സ്ഥാനാര്‍ത്ഥികളും 1680 വനിതാ സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കിയിട്ടുണ്ട്. മറ്റു മലയോര ജില്ലകളായ ഇടുക്കിയില്‍ 6110 പത്രികകളും പത്തനംതിട്ടയില്‍ 7717 പത്രികകളുമാണ് സമര്‍പിക്കപ്പെട്ടത്.
1,08,580 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കൂടുതലും വനിതാ സ്ഥാനാര്‍ഥികളാണ്. 57,227 വനിതകളാണ് മത്സരരംഗത്തുള്ളത്. 51,352 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ജനവിധി തേടുന്നു. തിരുവനന്തപുരത്താണ് ഒരേയൊരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ജനവിധി തേടുന്നത്.



