
കൊച്ചിയില്‍ നടന്നത് അതിക്രൂര കൊലപാതകമാണ്. വീട്ടില്‍ ആരുമില്ലാത്ത സമയം ലൈംഗികാസക്തി തീര്‍ക്കാന്‍ ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലെത്തിച്ച് ആവശ്യം കഴിഞ്ഞപ്പോള്‍ പണത്തിന്റെ പേരില്‍ ക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തുക, എന്നിട്ട് അജ്ഞാത മൃതദേഹം എന്ന തരത്തില്‍ റോഡിലുപേക്ഷിക്കാനുള്ള പദ്ധതിയാണ് മദ്യലഹരിയിലായതു കാരണം ജോര്‍ജിന് നടപ്പാക്കാനാകാതെ പോയത്. അതല്ലായിരുന്നെങ്കില്‍ കൊലയാളി ഒരുപക്ഷേ ഇപ്പോഴൊന്നും പിടിക്കപ്പെടില്ലായിരുന്നു. മദ്യലഹരിയില്‍ വീണുറങ്ങിപ്പോയതിനാല്‍ മാത്രമാണ് ജോര്‍ജ് ഇന്ന് കുടുങ്ങിയത്. ഭാര്യയും രണ്ടു മക്കളുമുള്ള ജോര്‍ജ്, ലൈംഗികാസക്തി തീര്‍ക്കുന്നതിനാണ്, ജീവിക്കാന്‍ വേണ്ടി ശരീരം വില്‍ക്കാനിറങ്ങിയ ഒരു സ്ത്രീയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ഉറങ്ങിപ്പോയതിനാല്‍ മാത്രം മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിക്കാന്‍ ജോര്‍ജിന് സാധിച്ചില്ല.
കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിലാണ് അര്‍ധനഗ്നയായ സ്ത്രീയുടെ മൃതദേഹം ഇന്നു രാവിലെ ആറരയോടെ ഹരിത കര്‍മസേനാംഗങ്ങള്‍ കണ്ടത്. മൃതദേഹത്തിനരികിലിരുന്ന് അപ്പോഴും ജോര്‍ജ് ഉറങ്ങുന്നുണ്ടായിരുന്നു. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തതോടെ സംഭവിച്ചതെല്ലാം ജോര്‍ജ് തുറന്നു പറഞ്ഞു. കൊലപ്പെടുത്തിയത് ജോര്‍ജ് ഒറ്റയ്ക്കാണ്. മൃതദേഹം ചാക്കില്‍കെട്ടി പുറത്തെവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍, മദ്യാസക്തിയില്‍ അവശനായി ഉറങ്ങിപ്പോയതിനാല്‍ സാധിച്ചില്ല. അതുകൊണ്ട് മാത്രമാണ് മൃതദേഹവും അതിനടുത്ത് ജോര്‍ജിനെയും കണ്ടത്. അല്ലായിരുന്നെങ്കില്‍ കുറച്ച് ദിവസമെങ്കിലും പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കുന്ന ഒരു ക്രിമിനലാകുമായിരുന്നു ജോര്‍ജ്.

ഭാര്യയും രണ്ടു മക്കളുമുണ്ട് ജോര്‍ജിന്. മകന്‍ യുകെയില്‍ ജോലി ചെയ്യുന്നു. മകളെ പാലായിലേക്ക് വിവാഹം ചെയ്തയച്ചു. പിന്നീട് ഭാര്യയും ജോര്‍ജുമായിരുന്നു വീട്ടില്‍ താമസം. ഏതാനും ദിവസങ്ങളായി ജോര്‍ജിന്റെ ഭാര്യ വീട്ടിലില്ല. മകളുടെ കുഞ്ഞിന്റെ പിറന്നാളായതിനാല്‍ അങ്ങോട്ട് പോയിരിക്കുകയാണ്. വൃദ്ധരായ ആളുകളെ പരിചരിക്കുന്ന ഹോം നഴ്‌സായിരുന്നു ജോര്‍ജ്. ഭാര്യ വീട്ടിലില്ലാത്തതിനാല്‍ ഇന്നലെ രാത്രിയാണ് ലൈംഗികത്തൊഴിലാളിയായ കൊല്ലപ്പെട്ട സ്ത്രീയെ ജോര്‍ജ് വീട്ടിലെത്തിച്ചത്. ലൈംഗികബന്ധത്തിനു ശേഷം ജോര്‍ജും സ്ത്രീയും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വീട്ടിലെ ചുറ്റിക കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ജോര്‍ജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോര്‍ജ് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതോ ഒന്നും ആരും അറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ജോര്‍ജിന്റെ വീട്ടില്‍ തന്നെ മറ്റൊരു പോര്‍ഷനില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവരും ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ഇവരെ പൊലീസ് വിശദമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പുലര്‍ച്ചെ സമയത്ത് വീട്ടില്‍ നിന്ന് എന്തോ ഒരു ശബ്ദം കേട്ടിരുന്നു. എന്നാല്‍, പൂച്ച കരയുന്നതാണെന്ന് കരുതിയാണ് പുറത്തിറങ്ങാതിരുന്നത് എന്നാണ് ഇതര സംസ്ഥാന തൊഴിലാളി പൊലീസിനോട് പറഞ്ഞത്. മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിക്കാനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ, വീട്ടില്‍ ചാക്ക് ഇല്ലാത്തതിനാല്‍ അയല്‍വീടുകളിലൊക്കെ ചാക്ക് അന്വേഷിച്ച് ജോര്‍ജ് എത്തിയിട്ടുണ്ട്.
വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, മദ്യലഹരിയിലായിരുന്നതിനാല്‍ പലരും അടുപ്പിച്ചില്ല, ചാക്കും കൊടുത്തില്ല. പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചത്. ഈ ചാക്കുകളിലാക്കി മൃതദേഹം വലിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം,. പക്ഷേ, കടുത്ത മദ്യലഹിരിയില്‍ ജോര്‍ജിന് അതിന് സാധിച്ചില്ല. വീട്ടിലേക്കുള്ള ഇടവഴിയിലെത്തിയപ്പോഴേക്കും അവശനായി ജോര്‍ജ് വഴിയില്‍ വീണു. അവിടെ തന്നെ കിടന്നുറങ്ങിപ്പോയി.
സ്ഥിരമായി മദ്യപിക്കുന്ന ആളാണെങ്കിലും ജോര്‍ജ് ഇതുവരെ മദ്യപിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ മൃതദേഹം ഉപേക്ഷിക്കാനുള്ള ഇയാളുടെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ അത്രവേഗമൊന്നും ആരും ജോര്‍ജിനെ സംശയിക്കില്ലായിരുന്നു. സ്ത്രീ മലയാളിയല്ലെന്നും പ്രദേശവാസിയല്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നും വാര്‍ഡ് അംഗം അടക്കമുള്ള നാട്ടുകാര്‍ പറയുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ ലൈംഗികത്തൊഴിലാളിയോ അതല്ലെങ്കില്‍ ജോര്‍ജുമായി വഴിവിട്ട ബന്ധമുള്ള ഏതെങ്കിലും സ്ത്രീയോ ആണെന്നുള്ള സംശയം തുടക്കം മുതലുണ്ടായിരുന്നു.



