സിനിമാ സ്റ്റൈല്‍ മാസ് ഡയലോഗുമായി വിജയ്; ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും; കരൂര്‍ ദുരന്തത്തിനു ശേഷം വിജയ്‌യുടെ ആദ്യ പൊതുയോഗം

ചെന്നൈ: കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷം ആദ്യമായി പൊതുയോഗവുമായി തമിഴക വെട്രി കഴകം പ്രസിഡണ്ടും നടനുമായ വിജയ്. തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രം വിളിച്ച് ഒരു സ്വകാര്യ ഹാളിലാണ് പൊതുസമ്പര്‍ക്ക പരിപാടി നടത്തിയത്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജില്‍ നടന്ന പൊതുസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത വിജയ് ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ഡിഎംകെയുടെ നയം കൊള്ളയാണെന്ന് വിജയ് പറഞ്ഞു. തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരും. അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളും വിജയ് പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും വീട് നല്‍കുമെന്നും എല്ലാ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിജയ് പറഞ്ഞു. തന്റെ പോരാട്ടം സാമൂഹിക നീതിക്കുവേണ്ടിയാണെന്നു വ്യക്തമാക്കിയ വിജയ്, കര്‍ഷകരുടെ വിഷയങ്ങളും ഉയര്‍ത്തി.

” ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. മറ്റ് അജന്‍ഡയില്ല. വിജയ് ചുമ്മാതെ ഒന്നും പറയാറില്ല. ഒരു കാര്യം പറഞ്ഞാല്‍ അതു ചെയ്യാതെ പോവുകയുമില്ല. ജനങ്ങള്‍ക്ക് അത് നല്ലതുപോലെ അറിയാം” വിജയ് പറഞ്ഞു.

കരൂര്‍ ദുരന്തമുണ്ടായി 57 ദിവസത്തിനുശേഷമാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി നല്‍കിയ ക്യുആര്‍ കോഡ് തിരിച്ചറിയല്‍ കാര്‍ഡുകളുള്ള റജിസ്റ്റര്‍ ചെയ്ത 2,000 പേര്‍ക്കു മാത്രമായിരുന്നു ഹാളിലേക്ക് പ്രവേശനം. സേലത്തു ഡിസംബര്‍ 4നു പൊതുയോഗം നടത്താന്‍ അനുമതി തേടിയെങ്കിലും കാര്‍ത്തിക ഉത്സവത്തിന്റെ തിരക്കു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കരൂരില്‍ സെപ്റ്റംബര്‍ 27ന് വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു.

Scroll to Top