ബിഹാറില്‍ എന്‍ഡിഎയുമായി സഹകരിക്കാന്‍ തയ്യാറെന്ന് അസദുദ്ദീന്‍ ഒവൈസി; വര്‍ഗീയത അകറ്റി നിര്‍ത്തണം, സീമാഞ്ചലിന് നീതി വേണം; നിബന്ധനകള്‍

പട്‌ന: ബിഹാറില്‍ ഉപാധികളോടെ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് എഐഎംഎഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നിബന്ധനകളോടെയാണ് ഒവൈസി എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തത്. സീമാഞ്ചല്‍ മേഖലയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് എഐഎംഐഎം പ്രവര്‍ത്തിക്കുന്നതെന്നും ഈ മേഖലയ്ക്ക് അര്‍ഹമായ നീതി ലഭിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഒവൈസി പറഞ്ഞു. സീമാഞ്ചല്‍ മേഖലയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീമാഞ്ചല്‍ മേഖലയോട് നീതി പുലര്‍ത്തുകയും വര്‍ഗീയത അകറ്റിനിര്‍ത്തുകയും ചെയ്താല്‍ സര്‍ക്കാരിന് പൂര്‍ണ സഹകരണം വാഗ്ദാനംചെയ്യാന്‍ സാധിക്കും. എഐഎംഐഎം മുസ്ലിങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പാര്‍ട്ടിയല്ലെന്നും ദളിതരും ആദിവാസികളും കൂടുതലുള്ള സീമാഞ്ചലിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിനേയും ഇടതുപാര്‍ട്ടികളേക്കാളും മികച്ച പ്രകടനമായിരുന്നു ഒവൈസിയുടെ എഐഎംഐഎം ബിഹാറില്‍ കാഴ്ചവെച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാതെ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുകയായിരുന്നു ഒവൈസിയുടെ പാര്‍ട്ടി. 25 മണ്ഡലത്തിലാണ് എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

 

Scroll to Top