രണ്ടു യുവതികളുമായി ഒരേസമയം അടുപ്പം; ഒരാള്‍ ഗര്‍ഭിണിയായതോടെ അരുംകൊല; യുവാവും രണ്ടാമത്തെ കാമുകിയും കുറ്റക്കാര്‍

പ്രതികളായ പ്രബീഷും രജനിയും, ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട അനിത

ആലപ്പുഴ: ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെ മറ്റൊരു പെണ്‍സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ യുവാവും പെണ്‍സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷ്, ആലപ്പുഴ കൈനകരി സ്വദേശിനി തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനി എന്നിവര്‍ക്കെതിരായ ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. കേസില്‍ പ്രബീഷ് ഒന്നാം പ്രതിയും രജനി രണ്ടാംപ്രതിയുമാണ്. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരന്‍ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്.

2021 ജൂലായ് ഒന്‍പതിനാണ് സംഭവം. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരുംകൊലയെന്ന് തെളിഞ്ഞത്.

വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

 

Scroll to Top